സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കി കേരള കലാമണ്ഡലം
ജനുവരി നാലു മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പതിനാറായിരം വിദ്യാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്‌കാരത്തിന് കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ നൃത്തച്ചുവടുകള്‍ ഒരുങ്ങുന്നു. ജനുവരി നാലു മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പതിനാറായിരം വിദ്യാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്. സ്വാഗത ഗാനം നിര്‍ത്താവിഷ്‌കാരത്തില്‍ ചിട്ടപ്പെടുത്തുന്നതിന് പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.
ഇതിനെ തുടര്‍ന്ന് കേരളകലാമണ്ഡലം വിദ്യാര്‍ത്ഥികള്‍ സൗജന്യമായി ചിട്ടപ്പെടുത്തി നൃത്തം അവതരിപ്പിക്കാമെന്ന് കേരളകലാമണ്ഡലം രജിസ്ട്രാര്‍ ഡോ. വി രാജേഷ് കുമാര്‍ മന്ത്രിയെ അറിയിക്കുകയും തുടര്‍ന്ന് നൃത്താവിഷ്‌കാരം ചെയ്യുന്നതിന് കേരള കലാമണ്ഡലത്തെ ഏല്‍പ്പിക്കുകയായിരുന്നു. കേരള കലാമണ്ഡലത്തിലെ 39 ഓളം വിദ്യാര്‍ത്ഥികളും വിവിധ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 11 ഓളം വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തുന്നത്. കേരള കലാമണ്ഡലം നൃത്ത വിഭാഗം മേധാവി രജിത രവി, നൃത്ത വിഭാഗം അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ്.തുളസി, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്താവിഷ്‌കാരത്തിനുള്ള ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്.