കേരള വികസനത്തിൽ കിഫ് ബി യുടെ കൈയ്യൊപ്പ് പതിഞ്ഞു : മുഖ്യമന്ത്രി

google news
cm

കണ്ണൂർ:വിദ്യാഭ്യാസ മേഖലയുൾപ്പെടെ കേരളത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ കിഫ് ബി യുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവ കേരളം കർമ്മപദ്ധതി രണ്ട് വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ് ബി, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് പുതുതായി നിർമ്മിച്ച 97 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം കണ്ണൂർ ധർമ്മടം മുഴപ്പിലങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏഴ് വർഷത്തെ കണക്കെടുത്താൽ കേരളത്തിൽ എൺപതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ് ബി സംസ്ഥാനത്ത് നടത്തിയത്. വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ച 3800 കോടി രൂപയിൽ 2300 കോടി രൂപ കിഫ് ബി മുഖേനെയാണ് ലഭ്യമാക്കിയത്. 1500 കോടി രൂപ പ്ലാൻ ഫണ്ട് വഴി ലഭ്യമാക്കി. 2300 സ്കൂളുകൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഷണൽ ഹൈവെ വികസനത്തിനായി സ്ഥലമെടുപ്പിന് 5500 കോടി രൂപയാണ് കിഫ് ബി വഴി ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധ്യയന വർഷാരംഭത്തിന് മുന്നോടിയായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിശ്ചിത എണ്ണം കുട്ടികൾക്ക് മെൻ്ററായി ഒരു ടീച്ചർ ഉണ്ടാവണം. കുട്ടികൾ ലഹരിക്കടിപ്പെടുന്നത് ആ ഒരു കുടുംബത്തിൻ്റെ മാത്രം പ്രശ്നമല്ല നാടിൻ്റെ ഭാവിയുടെ പ്രശ്നമാണെന്ന് കാണാൻ കഴിയണം. എല്ലാതരം ആളുകളും കയറി വരേണ്ട ഇടമായി സ്കൂളുകളെ മാറ്റേണ്ടതില്ല. ലഹരി മാഫിയക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ജാഗ്രത പാലിക്കണം മുഖ്യമന്ത്രി പറഞ്ഞു.മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസിൽ പുതുതായി നിർമ്മിച്ച 3 നില കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.3 ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനം 12 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടൽ എന്നിവയും മുഖ്യമന്ത്രി നിർവ്വഹിച്ചു.

പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇന്ത്യക്ക് തന്നെ മാതൃകയാണ് കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖല. കൃത്യമായ ആസൂത്രണമാണ് ഇതിന് കാരണം.ഭൗതികമായ വികസനത്തിനൊപ്പം അക്കാദമികമായ വികസനവുമാണ് സർക്കാർ ലക്ഷ്യമിടുന്നത് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അഭ്യർത്ഥന മാനിച്ച് മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസിൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് അനുവദിച്ചതായും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

വി ശിവദാസൻ എം പി,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുൻ എംഎൽഎ എം വി ജയരാജൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സജിത, കൈറ്റ് സിഇഒ അൻവർ സാദത്ത്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, മുൻ എംപി കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കോങ്കി രവീന്ദ്രൻ, കെ വി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ടി വി റോജ, ഗ്രാമ പഞ്ചായത്തംഗം കെ ലക്ഷ്മി പൊതുവിദ്യാഭ്യാസ ഡയരക്ടർ എസ് ഷാനവാസ്, എഡിപിഐ സി എ സന്തോഷ്,  ഡോ സി രാമകൃഷ്ണൻ വിദ്യാകിരണം, ഡി ഡി ഇ വി എ ശശീന്ദ്രവ്യാസ്, ആർ ഡി ഡി കെ എച്ച് സാജൻ, എ ഡി ഉദയകുമാരി, ഡയറ്റ് പ്രിൻസിപ്പൽ പി വിപ്രേമരാജൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റർ ഇ സി വിനോദ് എന്നിവർ പങ്കെടുത്തു.പി ടി എ പ്രസിഡണ്ട് ടി പ്രജീഷ്, സ്കൂൾ പ്രിൻസിപ്പൽ എൻ സജീവൻ, ഹെഡ്മിസ്ട്രസ് കെ ശൈലജ എന്നിവർ മുഖ്യമന്ത്രിയ്ക്ക് ഉപഹാരം നൽകി.

സംസ്ഥാനത്തെ മറ്റിടങ്ങളിൽ തൽസമയം നടന്ന പരിപാടികളിൽ മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, ആൻറണി രാജു, വി അബ്ദുറഹ്മാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ ആർ ബിന്ദു, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിശിഷ്ടാതിഥികളായി.

Tags