കേരള തീരത്ത് കടലാക്രമണ സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.4 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ തീര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട് മുതൽ ഇടവ വരെയുമാണ് തീരപ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളത്ത് മുനമ്പം ഫിഷറീസ് ഹാർബർ മുതൽ മറുവക്കാട് വരെയും തൃശൂർ ജില്ലയിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും ഓറഞ്ച് അലർട്ടാണ്. മലപ്പുറത്ത് കടലുണ്ടിനഗരം മുതൽ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല ഹാർബർ മുതൽ രാമനാട്ടുകര വരെയുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
