കണ്ണൂർ തോട്ടട ഐ.ടി.ഐയിലെ അക്രമം പ്രതിപക്ഷ നേതാവിൻ്റെ അറിവോടെ : പി.എം ആർഷോ

pm arsho
pm arsho

കണ്ണൂർ : തോട്ടട ഐ.ടി.ഐ യിൽ കെ.എസ്.യു പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ അറിവോടെയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ മാധ്യമങ്ങളോട് ആരോപിച്ചു.

തന്നെ വന്നു കണ്ടതിന് ശേഷമാണ് കെ.എസ്.യു പ്രവർത്തകർ ക്യാംപസിലേക്ക് പോയതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ നിന്നുതന്നെ ഇതു വ്യക്തമാണ്. ക്യാംപസിൽ മറ്റു സംഘടനകൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് വിലക്കുന്നത് ഞങ്ങളുടെ ജോലിയല്ല. ഞങ്ങളുടെ സംഘടനാ പ്രവർത്തനവുമായി മുൻപോട്ടു പോവുകയാണ് ചെയ്യുന്നത്.

അക്രമം നടന്ന ഐ.ടി.ഐ ക്യാംപസിൽ എ ബി.വി.പിക്ക് യൂനിറ്റുണ്ട്. യൂത്ത് കോൺഗ്രസ് ഭാരവാഹിയുടെ നേതൃത്വത്തിലാണ് അക്രമം ആദ്യം നടത്തിയത്. ഈ കാര്യം വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇലക്ഷൻ നടക്കുന്നതിൻ്റ തലേ ദിവസം അവിടെ അക്രമം അഴിച്ചു വിടേണ്ട ആവശ്യമില്ല. ഞങ്ങൾ ജയിക്കുന്ന ക്യാംപസാണത്.

അവിടെ അക്രമം നടത്തേണ്ട ആവശ്യം കെ.എസ്.യുവിൻ്റെതാണ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കലാണ് അവരുടെ ലക്ഷ്യമെന്നും ആർഷോ ആരോപിച്ചു. ക്യാംപസുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരുകിക്കയറ്റുകയാണ്. ഇടുക്കിയിൽ ധീരജിനെ കൊന്നത് ഇവരാണ്.

 കെ.പി.സി.സി പ്രസിഡൻ്റിൻ്റെ ആഹ്വാനപ്രകാരമാണ് പ്രൊട്ടക്ഷൻ സെൽ രൂപീകരിച്ചത്. തോട്ടട ഐ.ടി.ഐയിലെ അക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകന് ശിരസിന് സാരമായി പരുക്കേറ്റിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്ഐ പൊലിസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പ്രവർത്തകരുടെ ശരീരത്തിൽ നിന്നും ചോര കിനിഞാൽ ശക്തമായി പ്രതിരോധിക്കുമെന്നും ആർഷോ പറഞ്ഞു.

മാധ്യമങ്ങൾ കെ.എസ്.യുവിന് പ്രത്യേക പരിലാളനകൾ നൽകുകയാണ്. പൂക്കോട് വെറ്റിനറി കോളേജിലും സംസ്കൃത കോളേജിലും എസ്.എഫ് ഐ തെരഞ്ഞെടുപ്പിൽ വിജയിച്ചത് മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ചുവെന്നും ആർഷോ പറഞ്ഞു.

Tags