സൈബർ തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി കണ്ണൂർ റൂറൽ പൊലിസ് : സൈബർ ക്രൈം ടോൾ ഫ്രീ നമ്പറായ 1930ൽ വിളിച്ചാൽ ഉടനടി സഹായം

Kannur-Rural-Police-warns-against-cyber-fraud 1
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തിരമായി പൊലിസുമായി ബന്ധപ്പെടണമെന്ന് കണ്ണൂർ റൂറൽ പൊലിസ് മേധാവി എം. ഹേമലത IPS

തളിപ്പറമ്പ: സൈബർ തട്ടിപ്പ് ചെറുക്കാൻ മുന്നറിയിപ്പുമായി കണ്ണൂർ റൂറൽ ജില്ലാ പൊലീസ്  രംഗത്ത്. വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചഞ്ഞും നിക്ഷേപ, വ്യാപാര തട്ടിപ്പുകളുമായും പുതിയ രൂപത്തിൽ വരുന്ന സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാണെന്നും ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള പൊലിസ് സ്റ്റേഷനിൽ അറിയിക്കണമെന്നും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത IPS വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏതു സമയത്തും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹായം പൊലിസിൽ നിന്ന് ലഭിക്കുമെന്നും ഹേമലത IPS പറഞ്ഞു.

സംസ്ഥാനത്ത് ദിനംപ്രതി സൈബർ തട്ടിപ്പുകൾക്ക് ഇരയായുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  വിദ്യാ സമ്പന്നരായവരാണ് കൂടുതലായും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവുന്നത്.  സമീപകാലത്തായി വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് നിരവധി തട്ടിപ്പുകളാണ് നടന്നത്. 

യൂണിഫോം ധരിച്ചെത്തി സി.ബി.ഐ, എൻ.സി.ബി, സംസ്ഥാന പൊലീസ് എന്നിവരാണ് എന്ന് വിശ്വസിപ്പിച്ച് നിങ്ങളുടെ പേരിൽ കേസുണ്ട് എന്ന് പറഞ്ഞും നിങ്ങളുടെ പേരിൽ വിലപിടിപ്പുള്ള ഗിഫ്റ്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞുമാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം വ്യാജമായ കാര്യങ്ങൾ വിശ്വസിപ്പിച്ച് പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. 2023 2024 വർഷങ്ങളിൽ ഓൺലൈൻ ട്രേഡിങ്, ലോൺ ആപ്പ് പോലുള്ള വിവിധ മേഖലകളിൽ നിന്നായി 7 കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. 2024ൽ മാത്രം ട്രേഡിങ് സ്കാം, mutual ഫണ്ട്‌, സ്റ്റോക്, ലോൺ apps വഴി 4.5കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. 25 ഓളം FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. പലരും കേസുമായി മുന്നോട്ട് പോകാൻ താൽപര്യപ്പെടാത്തത് കുറ്റവാളികളെ കുടുക്കുന്നതിന് തടസമായി മാറുകയാണ്.

Kannur-Rural-Police-warns-against-cyber-fraud 1

സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകി വഞ്ചിതരാകരുത്. വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ഇടപാടുകളുമായി മുന്നോട്ടുപോകാവൂ എന്നും ഹേമലത IPS പറഞ്ഞു.  

തട്ടിപ്പിൽ അകപ്പെട്ട ആദ്യ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെട്ടാൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ സാധ്യത ഏറെയാണ്. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ 3.7ലക്ഷത്തോളം രൂപ പരാതിക്കാർക്ക് തിരിച്ചു കൊടുത്തിട്ടുണ്ട്. 

കണ്ണൂർ റൂറൽ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത IPS നോടൊപ്പം എ.എസ്.പി എം. സജീവ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എൻ.ഒ സിബി എന്നിവരും പങ്കെടുത്തു.