ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി, സിപിഐഎമ്മിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കലാ രാജു

kala raju
kala raju

കൊച്ചി: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലില്‍ സിപിഐഎമ്മിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കൗണ്‍സിലര്‍ കലാ രാജു. ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തല്‍. ഇനി പാര്‍ട്ടിക്കൊപ്പം ഇല്ലെന്നും കലാ രാജു വ്യക്തമാക്കി. കോലഞ്ചേരി മല്‍സ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി പുറത്തിറങ്ങിയപ്പോഴാണ് കലാ രാജുവിന്റെ പുതിയ ആരോപണം. എസ്എഫ്ഐ നേതാവ് വിജയ് രഘു കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കലാ രാജു പറഞ്ഞു. ഏരിയ സെക്രട്ടറി പി ബി രതീഷിന്റെ സന്നിധ്യത്തില്‍ ആയിരുന്നു ഭീഷണി എന്നും ആരോപണമുണ്ട്.

ഇതുവരെ സംരക്ഷണം നല്‍കാത്ത പാര്‍ട്ടിക്കൊപ്പം ഇനി തുടരാന്‍ ആകില്ലെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി അംഗവും വിധവയുമായ 56 വയസുള്ള തന്നെ 1500ഓളം പേര് വരുന്ന സ്ത്രീയും പുരുഷന്‍മാരുമടങ്ങുന്ന സംഘം ആക്രമിച്ചപ്പോള്‍ ഈ പാര്‍ട്ടി എവിടെയായിരുന്നുവെന്ന് അവര്‍ ചോദിച്ചു. അവര്‍ സംരക്ഷണം തന്നില്ലല്ലോയെന്നും അതിനു ശേഷം ഇതുവരെ ഈ പാര്‍ട്ടി എവിടെയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. പൊലീസില്‍ വിശ്വാസമില്ലെന്നും കലാ രാജു പറഞ്ഞു. താന്‍ പറഞ്ഞ ആളുകളെ അല്ല അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പകരത്തിന് ആളെ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും കലാ രാജു പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ട് പോകും  അവര്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ സഹായം സ്വീകരിച്ചിട്ടില്ല. ഇതുവരെ ആരുടെയും ഔദാര്യം പറ്റാതെയാണ് ജീവിച്ചത്. ഒരു ആനുകൂല്യവും യുഡിഎഫില്‍ നിന്ന് വാങ്ങിയിട്ടില്ല. ജനമധ്യത്തില്‍ എന്നെ വസ്ത്രാക്ഷേപം നടത്തി ഇത്രയും മൃഗീയമായി ഉപദ്രവിച്ചതിനെതിരെയാണ് പരാതിയുള്ളത്. പുറത്ത് വന്ന വീഡിയോയില്‍ വാസ്തവമില്ല. അവര്‍ എന്നെ കത്തികാണിച്ചെടുത്ത വീഡിയോ ആണത്. മക്കള്‍ പുറത്തുണ്ട്, അവര്‍ അവരുടെ കസ്റ്റഡിയിലാണ്, അവരെ കൊന്നു കളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ആണത്. അവര്‍ അത് ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു  അവര്‍ വ്യക്തമാക്കി.

Tags