'തോൽവിയുടെ ഉത്തരവാദിത്തം തനിക്ക്, പദവിയിൽ തുടരണമോ വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും' : കെ സുരേന്ദ്രൻ
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് സംബന്ധിച്ച് തന്‍റെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരണമോ വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അതിന് യാതൊരു തടസവും തന്‍റെ ഭാഗത്തു നിന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരസ്യ പ്രസ്താവനകളും പരിശോധിക്കും. ബൂത്ത് അടിസ്ഥാനത്തിൽ വിശകലനം നടത്തി നഷ്ടപ്പെട്ട പിന്തുണ തിരിച്ചു പിടിക്കാൻ ശ്രമിക്കും.
തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങളുടെ ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെങ്കിലും ടീമിനെ നയിക്കുന്ന ആളെന്ന നിലയിൽ സംസ്ഥാന അധ്യക്ഷന് തന്നെയാണ്. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങളും പരാജയങ്ങളും ഉണ്ടാകുമ്പോൾ സമചിത്തതയോടെ നേരിടുക എന്നത് മാത്രമാണ് വഴി.
വി. മുരളീധരന്‍റെ കാലത്തും തെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തോട് ആരും രാജി ആവശ്യപ്പെട്ടില്ല. വിവാദങ്ങളെല്ലാം കോൺഗ്രസിന്‍റെ പ്രചാരവേലയാണെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.