ചര്‍ച്ച് ബില്‍ വേഗത്തിലാക്കണമെന്ന് യാക്കോബായ സഭ

jacobite

ചര്‍ച്ച് ബില്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ രംഗത്ത്. സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആവശ്യം. തര്‍ക്കമുള്ള ആറ് പള്ളികള്‍ കൈമാറാനുള്ള ശ്രമം യാക്കോബായ വിശ്വാസികളുടെ എതിര്‍പ്പ് കാരണം വീണ്ടും ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പള്ളി തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം വേഗത്തിലാക്കണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ അധ്യക്ഷതയില്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സഭാ വര്‍ക്കിങ് കമ്മിറ്റി ആണ് ആവശ്യം ഉന്നയിച്ചത്. നിയമ നിര്‍മ്മാണം എവിടെ വരെയായെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചതും കമ്മിറ്റി ചൂണ്ടിക്കാട്ടി.
നിയമ നിര്‍മ്മാണം വൈകുന്നത് നീതി നിഷേധമാണെന്നും ആശങ്കയുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കി. തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികളില്‍ സുപ്രീംകോടതി വിധി നടപ്പാവാത്തതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സര്‍ക്കാര്‍ നടപടികള്‍ പ്രഹസനമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. പള്ളികള്‍ ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ജൂലൈ എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

Tags