വയനാട് പുനരധിവാസം -കേന്ദ്രസഹായത്തിനായി കാത്ത് നില്‍ക്കില്ല: ജെ ചിഞ്ചുറാണി
കോട്ടയം: പ്രതിദിന ശേഷി 75,000 ലിറ്ററില്‍ നിന്നും ഒരു ലക്ഷം ലിറ്ററായി വര്‍ധിപ്പിച്ച് നവീകരിച്ച മില്‍മ കോട്ടയം ഡെയറിയുടെ ഉദ്ഘാടനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ചൊവ്വാഴ്ച നിര്‍വഹിച്ചു.
ജീവനും സ്വത്തിനും വലിയ നഷ്ടമുണ്ടാക്കിയ ദുരന്തമാണ് വയനാട് ഉണ്ടായതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ഷീരമേഖലയ്ക്കുണ്ടായ നഷ്ടം വളരെ രൂക്ഷമാണ്. വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സഹായം അടിയന്തരമായി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സഹായം വൈകിയാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകില്ലെന്ന ഉറപ്പും മന്ത്രി നല്‍കി.
പശുക്കള്‍ക്കുള്ള സൈലേജ് തീറ്റ സബ്സിഡിയോടെ മില്‍മ നല്‍കും. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ചൂട് കൊണ്ട് സംസ്ഥാനത്ത് 560 പശുക്കള്‍ ചത്തു. ക്ഷീരവികസനവകുപ്പിന്‍റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 80 പേര്‍ക്ക് 37500 രൂപ വച്ച് നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ പശുക്കളെയും ഇന്‍ഷ്വര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ നല്‍കുന്ന സഹകരണം മന്ത്രി എടുത്തു പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ക്ഷീരവികസന മേഖലയില്‍ മന്ത്രി ചിഞ്ചുറാണിക്കുള്ള അറിവ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയെന്നതിന് വകുപ്പിന്‍റെ പ്രവര്‍ത്തനം തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മേഖലാ യൂണിയന്‍റെ 2023-2024 വര്‍ഷത്തെ ലാഭവിഭജന പ്രകാരം 3,28,61,300 രൂപ അംഗസംഘങ്ങള്‍ക്ക് ബോണസായി വിതരണം ചെയ്തു. മേഖലാ യൂണിയന് നല്‍കിയിട്ടുള്ള പാലിന് ആനുപാതികമായി ഒരു ലിറ്ററിന് 31 പൈസ നിരക്കിലാണ് ബോണസ് വിതരണം ചെയ്തത്. ബോണസ് വിതരണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
ഗുണമേന്‍മ കൂട്ടാനും ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് പദ്ധതി വിശദീകരണം നടത്തിയ മില്‍മ ഫെഡറേഷന്‍ എംഡിയും ക്ഷീരവികസന വകുപ്പ് ഡയറക്ടറുമായ ആസിഫ് കെ യൂസഫ് പറഞ്ഞു. ഇത്തരം നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫെഡറേഷന്‍റെ വിവിധ യൂണിറ്റുകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീരവികസനമേഖലയുടെ ക്ഷേമത്തിന് കിട്ടാവുന്ന എല്ലാ സഹായപദ്ധതികളും ഉപയോഗപ്പെടുത്തുമെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം നേടിയെടുക്കുന്നതിലും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മാതൃകയാണ്. മില്‍മയുടെ നവീകരണത്തില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
നവീകരണവുമായി ബന്ധപ്പെട്ട് കോട്ടയം ഡെയറിയില്‍ പുതിയതായി പാസ്ചുറൈസര്‍ (10 കിലോലിറ്റര്‍), ഹോമോജനൈസര്‍ (10 കിലോലിറ്റര്‍), മില്‍ക്ക് സെപ്പറേറ്റര്‍ (10 കിലോലിറ്റര്‍), കേര്‍ഡ് പാസ്ചുറൈസര്‍ (അഞ്ച് കിലോലിറ്റര്‍) എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കേര്‍ഡ് സ്റ്റോറിന്‍റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുകയും, റഫ്രിജറേഷന്‍ പ്ലാന്‍റിന്‍റെ കപ്പാസിറ്റി 150 ടണ്ണായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മില്‍മ എറണാകുളം മേഖലാ യൂണിയന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രൊമിസിംങ് മില്‍ക്ക് യൂണിയനായി നാഷണല്‍ ഡെയറി ഡെവലപ്പ്മെന്‍റ് ബോര്‍ഡ് തെരഞ്ഞെടുത്തതിന്‍റെ ഭാഗമായി ലഭിച്ച 3.2 കോടി രൂപയില്‍ നിന്ന് വകയിരുത്തിയ 65 ലക്ഷം രൂപ, പലിശരഹിത വായ്പയായി 2.6 കോടി രൂപയും, കേരള സര്‍ക്കാരിന്‍റെ വാര്‍ഷിക പദ്ധതിയിലെ 47 ലക്ഷം രൂപയും, മേഖലാ യൂണിയന്‍റെ തനതു ഫണ്ടില്‍ നിന്നുള്ള 52 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് കോട്ടയം ഡെയറി വിപുലീകരണം പൂര്‍ത്തിയാക്കിയത്.
എറണാകുളം മേഖലാ യൂണിയന്‍ എം ഡി വില്‍സണ്‍ ജെ പുറവക്കാട്ട്, മുന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ഭരണസമിതിയംഗങ്ങളായ ജോണി ജോസഫ്, സോണി ഈറ്റക്കന്‍, ജോമോന്‍ ജോസഫ്, ലൈസാമ്മ ജോര്‍ജ്ജ്, വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് വി സോമന്‍ കുട്ടി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍, സഹകരണസംഘം പ്രസിഡന്‍റുമാര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.