തിരുവല്ലയിൽ ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
![in Tiruvalla scooter rider was died in a accident](https://keralaonlinenews.com/static/c1e/client/94744/uploaded/d0c06ae00af0facca3747479395a0ed5.jpg?width=823&height=431&resizemode=4)
![in Tiruvalla scooter rider was died in a accident](https://keralaonlinenews.com/static/c1e/client/94744/uploaded/d0c06ae00af0facca3747479395a0ed5.jpg?width=382&height=200&resizemode=4)
തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ ടിപ്പർ ലോറി തലയിൽ കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ (50) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.
തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിൻ്റെ പിൻ ചക്രം സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. തുടർന്ന് ലോറിക്ക് അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിൽ കൂടി ടിപ്പറിൻ്റെ പിൻ ചക്രം കയറി ഇറങ്ങി.
സംഭവം അറിഞ്ഞ് തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.