ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത

aluva rape

ആലുവ എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ അതിജീവിത തിരിച്ചറിഞ്ഞു.സാക്ഷി വിസ്താര നടപടികളുടെ ഭാഗമായി പെരുമ്പാവൂർ പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതിയെ കുട്ടി തിരിച്ചറിഞ്ഞത്. പ്രതിയെ കണ്ടതോടെ കുട്ടി ഭയപ്പെട്ട് തേങ്ങി കരഞ്ഞുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച പ്രതിയെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോൾ തിരിച്ചറിയാൻ അതിജീവിതയായ പെൺകുട്ടിക്ക് സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് പ്രതിയെ ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരാക്കിയത്. പ്രതി ക്രിസ്റ്റൽ രാജിനെ കണ്ടതോടെ പെൺകുട്ടി ഭയപ്പെട്ടു തേങ്ങി കരഞ്ഞുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു പറഞ്ഞു. പിന്നീട് കുട്ടിയുടെ ക്രോസ് വിസ്താരവും പൂർത്തിയാക്കി. കൂടാതെ കേസിലെ മൂന്നും അഞ്ചും സാക്ഷികളെ വിസ്തരിച്ചു.

കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടയാളാണ് മൂന്നാം സാക്ഷി. കാണാതായ പെൺകുട്ടിയെ തെരച്ചിലിനിടയിൽ കണ്ടെത്തിയ ആളുകളിൽ ഒരാളാണ് അഞ്ചാം സാക്ഷി. 9 മുതൽ 15 വരെ സാക്ഷികളെ വിസ്തരിക്കുന്നതിനായി കേസ് ഈ മാസം പന്ത്രണ്ടിലേക്ക് മാറ്റി. കേസില്‍ ആകെ 115 സാക്ഷികളാണുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Tags