ഉറക്കം നഷ്ടപ്പെടുത്തി ഐസ്‌ക്രീം മോഷ്ടാക്കൾ

icecream
icecream

കൊച്ചി: പള്ളുരുത്തിയിലെ  കുട്ടനും കുടുംബത്തിനും ഉറക്കമില്ലാതായിട്ട് നാലുദിവസമായി. ഐസ്‌ക്രീം മോഷ്ടാക്കൾ  ഉറക്കം നഷ്ടപ്പെടുത്തി എന്ന് വേണം പറയാൻ .
 കുട്ടന്റെ കടയ്ക്ക് മുൻവശത്ത് പുറത്ത് വലിയ ഫ്രീസർ വെച്ചിട്ടുണ്ട്. അതിലുള്ളത് ഐസ്‌ക്രീമാണ്. വിൽപ്പനയ്ക്കുള്ള ഐസ്‌ക്രീം കടയോടു ചേർന്ന് പുറത്താണ് സൂക്ഷിക്കുന്നത്. ഗേറ്റ് അടച്ചാൽ ആരും കയറാറുമില്ല. രണ്ടു ദിവസമായി രാത്രിയിൽ രണ്ടുപേർ മതിൽ ചാടിക്കടന്ന് അകത്ത് കയറി ഫ്രീസറിൽനിന്ന് ഐസ്‌ക്രീം മോഷ്ടിക്കാൻ ശ്രമിക്കുകയാണ്. കടയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഈ ദൃശ്യങ്ങൾ കണ്ടതോടെയാണ് കുടുംബത്തിന്റെ ഉറക്കം നഷ്ടമായത്.

ആദ്യദിവസം കള്ളന്മാർ വന്നപ്പോൾ, കുട്ടന്റെ മകൾ പഠിക്കുകയായിരുന്നു. അനക്കം കേട്ട് കുട്ടി ലൈറ്റിട്ടു. വീട്ടുകാരെ വിളിച്ചുണർത്തി. ശബ്ദം കേട്ട് കള്ളന്മാർ മതിൽ ചാടി ഓടി. പിറ്റേന്ന് വീട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരുന്നു. പുലർച്ചെ രണ്ടോടെ അതാ വീണ്ടും വരുന്നു, മോഷ്ടാക്കൾ. രണ്ടുപേരാണ് സംഘത്തിലുള്ളത്. രണ്ടുപേരും ചേർന്ന് ഫ്രീസർ തുറക്കാൻ ശ്രമം തുടങ്ങിയതോടെ, വീട്ടുകാർ ലൈറ്റിട്ടു. ഉടനെ അവർ മതിൽ ചാടി ഓടി.

രണ്ട് ദിവസവും വീട്ടുകാർ എഴുന്നേറ്റുവെങ്കിലും കള്ളന്മാരെ പിടിക്കാനായില്ല. നല്ല പൂട്ടുകളുള്ള ഫ്രീസറായതിനാലാണ് കള്ളന്മാർക്ക് തുറക്കാൻ കഴിയാഞ്ഞത്. വലുപ്പമുള്ളതിനാൽ ഫ്രീസർ അകത്തേക്ക് കയറ്റാനും കഴിയുന്നില്ല. എട്ട് വർഷമായി ഫ്രീസർ കടയ്ക്ക് പുറത്താണിരിക്കുന്നതെന്ന് കുട്ടൻ പറയുന്നു. ഇതുവരെ പ്രശ്നമുണ്ടായിട്ടില്ല. പൊതുപ്രവർത്തകൻ കൂടിയാണ് കുട്ടൻ.

അദ്ദേഹത്തിന്റെ വീട്ടിൽ മോഷണശ്രമം നടന്നതോടെ പരിസരവാസികളും ജാഗരൂകരാണ്. മോഷ്ടാക്കൾ വീണ്ടും വന്നേക്കാം. ഉറക്കമില്ലാതെ കാത്തിരിക്കുകയാണ് കുട്ടനും കുടുംബവും. .

Tags