ഐ.എഫ്.എഫ്.കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടിയിക്ക് വൻ പങ്കാളിത്തം

Huge participation for Cineblood event organized as part of IFFK
Huge participation for Cineblood event organized as part of IFFK

29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി 'സിനിബ്ലഡി'ൽ വൻ പങ്കാളിത്തം. പൊലീസിന്റെ രക്തദാന സേവനമായ പോൽ ബ്ലഡും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായാണു ക്യാമ്പ് സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

രക്തദാനം മനുഷ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നും സിനിമ കാണാനെത്തുന്ന യുവത രക്തദാനത്തിന്റെ ഭാഗമാകുകയും അതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത തുറന്നുകാട്ടുകയും ചെയ്യണമെന്ന് പ്രേംകുമാർ പറഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, സംവിധായകൻ ബാലു കിരിയത്ത്, മ്യൂസിയം എസ്.ഐ. ഷെഫിൻ, അക്കാദമി എക്‌സിക്യൂട്ടീവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, നിർമാതാവ് ബാബു കെ തുടങ്ങിയവർ പങ്കെടുത്തു. അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ ആദ്യ രക്തം ദാനം നടത്തി.

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോ. അഭിലാഷ് പരിപാടിക്കു നേതൃത്വം നൽകി. തുടർന്ന് നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും രക്തദാന പരിപാടിയിൽ പങ്കാളികളായി. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ 17നു രാവിലെ 10 മുതൽ 12.30 വരെയും സിനിബ്ലഡ് രക്തദാന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

Tags