സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നു വിതരണം നിര്‍ത്താനൊരുങ്ങി ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ്

HLL

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള സര്‍ജിക്കല്‍ ഉപകരണങ്ങളും മരുന്നും വിതരണം ചെയ്യുന്നത് നിര്‍ത്താനൊരുങ്ങി ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ്. സംസ്ഥാന ആരോഗ്യവകുപ്പിൽ നിന്നും കോടിക്കണക്കിന് രൂപയാണ് സ്ഥാപനത്തിന് കിട്ടാനുള്ളത്. ഇതിനുപിന്നാലെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലാണ് ഈ നീക്കം. 44 കോടി 60 ലക്ഷം രൂപയില്‍ അധികമാണ് എച്ച്എല്‍എല്‍ കമ്പനിക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കാനുള്ളത്.

അത്യാഹിത വിഭാഗത്തിലെ ചികിത്സ, മെഡിസെപ്, കാരുണ്യ ബനവലന്റ് ഫണ്ട്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇങ്ങനെ വിവിധ പദ്ധതികളിലെ ചികിത്സയ്ക്കായി തിരുവനന്തപുര മെഡിക്കല്‍ കോളേജിലേക്ക് മാത്രം മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തിൽ 2,96,56,2453 രൂപയാണ് എച്ച്എല്‍എല്‍ കമ്പനിക്ക് കുടിശ്ശികയായി കിട്ടാനുള്ളത്. ആലപ്പുഴ മെഡിക്കല്‍ കോളേജിൽ 3,91,52,892 രൂപ, പരിപ്പള്ളി മെഡിക്കല്‍ കോളേജിൽ 1,88,68,281 രൂപ, കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 4,45,99,771 രൂപ, കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ 4 ,68,83,664 രൂപയും എച്ച്എല്‍എല്ലിന് കിട്ടാനുണ്ട്.

കൃത്യമായ കണക്ക് ആശുപത്രി അധികൃതര്‍ക്ക് യഥാസമയം നൽകുന്നുണ്ടെങ്കിലും മറുപടി ലഭിക്കുന്നില്ല എന്ന പരാതിയാണ് എച്ച്എല്‍എൽ ഉന്നയിക്കുന്നത്. 2018 മുതലുള്ള കുടിശ്ശികയാണ് പലയിടങ്ങളിൽ നിന്നും എച്ച്എല്‍എല്ലിന് കിട്ടാനുള്ളത്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ എച്ച് എല്‍ എല്ലിന്റെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു തുടങ്ങി. ഈ ഘട്ടത്തിലാണ് വിതരണം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ എച്ച് എല്‍ എല്‍ തീരുമാനിച്ചത്.

മരുന്ന് വിതരണം നിലയ്‌ക്കുന്നതോടെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ പദ്ധതികളുടെ ഗുണം കിട്ടാതെവരുമെന്ന് മാത്രമല്ല ആയിരങ്ങള്‍ വില വരുന്ന മരുന്നുകളും ലക്ഷങ്ങള്‍ വില വരുന്ന സ്റ്റെന്‍റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പണം കൊടുത്ത് വാങ്ങേണ്ടിയും വരും. 

Tags