ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി
കൊച്ചി: ദേശീയപാതയിൽ അറ്റകുറ്റപ്പണികളും സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഇടക്കാല മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കി രണ്ടാഴ്ചക്കകം സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി. അടിപ്പാതകളുടെ നിർമാണം നടക്കുന്ന അങ്കമാലി-മണ്ണുത്തി ഭാഗത്ത് സമയബന്ധിതമായി അറ്റകുറ്റപ്പണി ഉറപ്പാക്കണമെന്നും ഹൈവേ അതോറിറ്റിക്ക് ഹൈകോടതി നിർദേശം നൽകി.
tRootC1469263">ഗതാഗത തടസ്സം തുടരുമ്പോഴും തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരെ ഷാജി കോടകണ്ടത്ത് അടക്കം നൽകിയ ഹരജികളാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്.70 ദിവസത്തിലധികം വിലക്കിയിരുന്ന ടോൾ പിരിവ് കോടതി നിർദേശപ്രകാരം ഒക്ടോബർ 17ന് പുനഃസ്ഥാപിച്ചെങ്കിലും പാതയിൽ ഗതാഗതക്കുരുക്ക് തുടരുകയാണെന്ന് ഓൺലൈനായി ഹാജരായ ഇടക്കാല മേൽനോട്ട സമിതി തലവൻ കൂടിയായ തൃശൂർ ജില്ല കലക്ടർ കോടതിയെ അറിയിച്ചു. ഭൂമി കുഴിക്കുന്ന ജോലികളടക്കം നടക്കുന്നതിനാൽ സുരക്ഷ പ്രശ്നങ്ങളുമുണ്ട്.
മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ പരമാവധി പാലിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ മറുപടി. തുടർന്നാണ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താൻ കോടതി നിർദേശിച്ചത്. അതിനിടെ ടോൾ പിരിവ് പുനഃസ്ഥാപിച്ച ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി കോടകണ്ടത്ത് ഉപഹരജി നൽകി. ഹരജി ഡിസംബർ മൂന്നിന് പരിഗണിക്കാൻ മാറ്റി.
.jpg)

