എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

High Court rejected the plea filed by the daughter of MM Lawrence against giving his body to medical studies
High Court rejected the plea filed by the daughter of MM Lawrence against giving his body to medical studies

പെണ്‍മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 

 സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎം ലോറന്‍സിന്റെ പെണ്‍മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 

ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അഡ്വക്കറ്റ് എന്‍എന്‍ സുഗുണപാലനെ മധ്യസ്ഥനായി നിയോഗിച്ചതായി ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിച്ചത്. വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമെന്നുമായിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്നും മരിച്ചയാള്‍ക്ക് അല്‍പമെങ്കിലും ആദരവ് നല്‍കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്നതാണ് എംഎം ലോറന്‍സ് പ്രകടിപ്പിച്ച ആഗ്രഹമെന്ന് മകന്‍ എംഎല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അനാട്ടമി നിയമപ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചാണ് മൃതദേഹം ഏറ്റെടുത്തത് എന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. എംഎം ലോറന്‍സിന്റെ മൃതദേഹം ഫോര്‍മാലിനില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Tags