'ഒരോ റോഡ് അപകടങ്ങളിലും നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണ്, അതിനെ വെറും കണക്കിലൊതുക്കാനാകില്ല' : ഹൈക്കോടതി


കൊച്ചി : ഒരോ റോഡ് അപകടങ്ങളിലും നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണെന്നും അതിനെ വെറും കണക്കിലൊതുക്കാനാകില്ലെന്നും ഹൈക്കോടതി. അപകടങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതല്ല, അത് സൃഷ്ടിക്കുന്നതാണ്.
റോഡിലെ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. വാഹനങ്ങള്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുകയും സഹജീവികളുടെ ജീവന്‍ സംരക്ഷിക്കുകയും വേണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്ന അഞ്ചുപേര്‍ തടി ലോറി കയറി മരിച്ച സംഭവത്തില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ട വിധിന്യായത്തിലാണ് ഈ നിരീക്ഷണം.
കേസില്‍ രണ്ടാം പ്രതിയായ ലോറി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി സി.ജെ.ജോസിന്റെ ജാമ്യ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഇത്തരമൊരു സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ വിചാരണ നേരിടേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.