ഹേമ കമ്മിറ്റി റിപ്പോർട്ട് : വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട് യോജിപ്പാണുള്ളതെന്ന് മന്ത്രി സജി ചെറിയാൻ

Minister Saji Cherian

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണമറിയിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിവരാവകാശ കമ്മീഷൻ ഉത്തരവ്  പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട് യോജിപ്പാണുള്ളതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. ഒരു വ്യക്തിയെയും പേരെടുത്തു റിപ്പോർട്ടിൽ പറയുന്നില്ലെന്നും റിപ്പോർട്ടിൽ നിന്ന് ചില കാര്യങ്ങൾക്കു രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു ഹേമ കമ്മിറ്റി പഠിച്ചത്. മുൻകിട നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. പല പ്രമുഖർക്കുമെതിരെ വരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത്.

വ്യക്തികൾക്കെതിരെ മൊഴി ഉണ്ടെന്ന സൂചനകൾ ശരിവെച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടണമെന്നുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്. 49 ആം പേജിലെ 96 ആം പാരഗ്രാഫ്, 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നാണ് ഉത്തരവ്.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്ളുസിസി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഉണ്ടാക്കിയത്. ഇന്ത്യയിൽ തന്നെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള ആദ്യ കമ്മിറ്റി.

അത് വലിയ നേട്ടമായി ഇടത് സർക്കാർ ഉയർത്തിക്കാട്ടി. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് നൽകിയെങ്കിലും പുറത്തുവിടാതെ പൂഴ്ത്തിവെക്കാനായിരുന്നു സർക്കാറിൻ്റെ ശ്രമം. ഡബ്ല്യുസിസിയും വനിതാ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടിട്ടും സ്വകാര്യതാ പ്രശ്നം ഉയർത്തി സർക്കാർ ഒഴിഞ്ഞുമാറി.

Tags