സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ ചൂട് കനക്കും

heat
heat

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്നു വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

ഇക്കൊല്ലം മുന്‍വര്‍ഷത്തേക്കാള്‍ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, 2024 ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 36.5 ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളായി താപനില ഉയരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. മുമ്പ് മാര്‍ച്ച് മാസം മുതലാണ് ചൂട് വര്‍ധിച്ചിരുന്നതെങ്കില്‍ 2023, 2024 വര്‍ഷങ്ങളില്‍ ജനുവരി മുതൽ തന്നെ ചൂട് കൂടിയിരുന്നു. 2025ലും ഈ സ്ഥിതി തന്നെയാണ് തുടരുന്നത്. ഈ മാസം 31 ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 
 

Tags