ഹര്‍ത്താലിന്റെ മറവില്‍ അക്രമം കല്ലേറില്‍ തകര്‍ന്നത് 70 കെഎസ്ആര്‍ടിസി ബസുകള്‍; 220 ലേറെ സമരാനുകൂലികൾ പിടിയിൽ

google news
harthal
സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരുക്കേറ്റത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ മറവില്‍  കല്ലെറിഞ്ഞ് തകര്‍ത്തത് 70 ബസുകള്‍. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. അക്രമസംഭവങ്ങളില്‍ 11 പേര്‍ക്കും പരുക്കേറ്റു.

സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരുക്കേറ്റത്.

നഷ്ടം 50 ലക്ഷത്തില്‍ കൂടുതലാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. നഷ്ടങ്ങള്‍ സംഭവിച്ചാലും പൊതുഗതാഗതം തടസപ്പെടാതിരിക്കാന്‍ സര്‍വ്വീസ് നടത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നടത്തിയ അക്രമസംഭവങ്ങളില്‍ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 229 പേരെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ട്. അക്രമികള്‍ കണ്ടാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഡ്രൈവര്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തും മലപ്പുറത്തുമാണ് കൂടുതൽ അറസ്റ്റ്. 110 പേരാണ് കോട്ടയത്ത് പിടിയിലായത്. കണ്ണൂരിൽ 45, കാസർകോട് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റ്.

Tags