നാലുവർഷ ബിരുദ മൂല്യനിർണയം;പരിശീലനമില്ലെന്ന് അധ്യാപകർ
കോട്ടയം: എം.ജി. സർവകലാശാലയുടെ നാലുവർഷ ബിരുദ മൂല്യനിർണയ ക്യാമ്പുകൾ അധ്യാപകർക്ക് വേണ്ടത്ര പരിശീലനം നൽകാതെയാണ് തുടങ്ങിയതെന്ന ആക്ഷേപവുമായി അധ്യാപക സംഘടന. ‘ഒൗട്ട് കം ബേസ്‌ഡ് എജുക്കേഷൻ’ രീതിയുടെ ഭാഗമായാണ് ഇത്തവണ മൂല്യ നിർണയം നടത്തുന്നത്.സങ്കീർണമായ രീതിയിലേക്ക് മൂല്യ നിർണയം മാറുമ്പോൾ അതിന് സജ്ജമാക്കാൻ യാതൊരു പരിശീലനവും അധ്യാപകർക്ക് നൽകിയിട്ടില്ലെന്ന് കെ.പി.സി.ടി.എ. സംസ്ഥാന ട്രഷറർ റോണി ജോർജ് ആരോപിച്ചു.
ക്യാമ്പ് നടക്കുന്നതിന്റെ തലേദിവസം മാത്രമാണ് പുതിയ രീതിയിലെ മാർക്ക് ലിസ്‌റ്റുകളും മറ്റ് നിർദേശങ്ങളും അധ്യാപകർക്ക് ലഭിക്കുന്നത്. സർവകലാശാല കേന്ദ്രീകൃതമായി നടത്തിയിരുന്ന മൂല്യനിർണയക്യാമ്പ് ഇത്തവണ കോളേജുകളിലാണ്. സർവകലാശാല ജീവനക്കാർ ചെയ്തിരുന്ന ഉത്തരക്കടലാസ് വിതരണം, പോർട്ടലിൽ മാർക്ക് രേഖപ്പെടുത്തൽ, തുടങ്ങിയ ജോലികൾ ഇപ്പോൾ അദ്ധ്യാപകൻ ചെയ്യണം.പരീക്ഷയും മൂല്യനിർണയവുമായി ബന്ധപ്പെട്ട അധിക ക്ലെറിക്കൽ ചുമതലകളും ഒരേസമയം നടത്തേണ്ട അവസ്ഥയിലാണ് കോളേജുകൾ. കൂട്ടായ ചർച്ചയിലൂടെ ഉന്നത വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കണമെന്ന് കെ.പി.സി.ടി.എ. ആവശ്യപ്പെട്ടു.