'ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെ' വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

google news
kanam rajendran



തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബാലിശമായ വാദങ്ങളാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്ത് പുറത്തുവിട്ട കേരള ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന ലംഘിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. 


കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി സമ്മര്‍ദം ചെലുത്തിയെന്നും വിസി നിയമന നടപടി നിര്‍ത്തി വെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഭരണത്തില്‍ ഇടപെടില്ലെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി അയച്ച കത്തുകളുടെ പകര്‍പ്പുകളും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇടതുനേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആസൂത്രിത ആക്രമണം ഉണ്ടായപ്പോള്‍ നടപടിയെടുക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്  ആണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇതിന് തെളിവായി അന്നത്തെ വീഡിയോ ദൃശ്യങ്ങള്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇതിന് പ്രത്യുപകരമാണോ രാഗേഷിന് പിന്നീട് കിട്ടിയ പദവിയെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. 


ചരിത്ര കോണ്‍ഗ്രസിലെ ആക്രമണത്തില്‍ കണ്ണൂര്‍ വി സി പരാതി നല്കാതിരുന്നതിനെ വിമര്‍ശിച്ച ഗവര്‍ണര്‍, പരാതി നല്കാന്‍ താന്‍ സുരക്ഷാ വിദഗ്ധനല്ലെന്നാണ് വി സി അന്ന് പറഞ്ഞതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
 

Tags