ഇന്‍സ്റ്റഗ്രാമില്‍ കണ്ട ലിങ്കില്‍ കയറി 'പണി' കിട്ടി; ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

Instagram
Instagram

2024 നവംബര്‍ 24ലാണ് അലക്‌സാണ്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രേഡിംഗിന്റെ പരസ്യം കാണുന്നത്.

ഓണ്‍ലൈനായി ഷെയര്‍ ട്രേഡിംഗ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്. പുതുക്കുണ്ടം സ്വദേശി അലക്‌സാണ്ടര്‍ തോമസാണ് തട്ടിപ്പിനിരയായത്. ഇയാളുടെ കൈയില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്. 2024 നവംബര്‍ 24ലാണ് അലക്‌സാണ്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രേഡിംഗിന്റെ പരസ്യം കാണുന്നത്. ലിങ്ക് വഴി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുകയായിരുന്നു. തുടര്‍ന്ന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു.

കൂടുതല്‍ പണം നല്‍കിയാല്‍ 300 ശതമാനം വരെ ലാഭം നല്‍കാമെന്നാണ് തട്ടിപ്പുകാര്‍ അലക്‌സാണ്ടറിന് വാഗ്ദാനം നല്‍കിയത്. അക്കൗണ്ട് വഴി ട്രേഡ് ചെയ്യാമെന്നും തട്ടിപ്പ് സംഘം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് 17000 രൂപ അലക്‌സാണ്ടര്‍ നല്‍കുകയായിരുന്നു. ഡിസംബര്‍ 23 നാണ് ഈ തുക നിക്ഷേപിക്കുന്നത്. പിന്നീട് ഇവരുടെ പല അക്കൗണ്ടുകളില്‍ ആയി 6,19,803 രൂപയോളം ഇയാള്‍ നിക്ഷേപിച്ചു.

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കവെ ഇന്‍കം ടാക്‌സ് അടയ്ക്കാനായി മെസേജ് വരികയായിരുന്നു. ഇത് തട്ടിപ്പ് ആണെന്ന് സംശയം തോന്നിയ അലക്‌സാണ്ടര്‍ സെബിയുടെ ഹെല്‍പ് ലൈനില്‍ വിളിച്ച് അന്വേഷിച്ചു. അവിടെ നിന്ന് വിവരം തെറ്റാണെന്ന് മനസിലായതും ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അക്കൗണ്ട് നമ്പറുകള്‍ മാത്രമാണ് അലക്‌സാണ്ടറിന്റെ കൈവശമുളളത്. കമ്പനിയെ പറ്റിയോ പണമിടപാട് നടത്തിയ മറ്റു വ്യക്തികളെയോ അറിയില്ലെന്ന് അലക്‌സാണ്ടര്‍ പൊലീസിനോട് പറഞ്ഞു.

Tags