വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളില്‍ പങ്കുവച്ചു; മുന്‍ എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

rohit

കൊച്ചി: കോളേജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളില്‍ പങ്കുവച്ച മുന്‍ എസ്എഫ്ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്എഫ്ഐ നേതാവുമായിരുന്ന രോഹിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. പൊലീസ് കസറ്റഡിയിലെടുത്ത രോഹിത്തിന്‍റെ രണ്ടു ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

പഠിച്ചിറങ്ങിയിരുന്നെങ്കിലും ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ക്യാമ്പസില്‍ പതിവായെത്തിയിരുന്ന രോഹിത്ത് വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് ഇവരുടെ നവമാധ്യമ അക്കൗണ്ടുകളില്‍ നിന്നും മറ്റും എടുക്കുന്ന ചിത്രങ്ങളാണ് അശ്ലീല ഗ്രൂപ്പുകളില്‍ മോശം അടിക്കുറുപ്പുകളോടെ പങ്കുവച്ചിരുന്നത്. 

ബിരുദ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രോഹിത് അറസ്റ്റിലായത്. സംഘടനയിലെ തന്‍റെ സഹപ്രവര്‍ത്തകരടക്കം ഇരുപതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രോഹിത് ഈ തരത്തില്‍ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവച്ചിട്ടുണ്ടെന്നാണ് സൂചന.