നാല് തലമുറകൾക്കൊപ്പം ശാരദ ടീച്ചറുടെ നവതിയാഘോഷം; ഒന്നുചേർന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും..


കണ്ണൂർ: നവതിയാഘോഷിക്കുകയാണ് മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പ്രിയ പത്നി ശാരദ ടീച്ചർ. നാല് തലമുറയ്ക്ക് ഒപ്പം ഇരുന്നാണ് ശാരദ ടീച്ചർ ജന്മദിനം ആഘോഷിക്കുന്നത്. നവതിയുടെ ഭാഗമായി കണ്ണൂർ ധർമ്മശാലയിലെ പാർത്ഥാസ് കൺവെൻഷൻ സെന്ററിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കോൺഗ്രസ് നേതാക്കളായ വി എം സുധീരൻ, അഡ്വ. മാർട്ടിൻ ജോർജ്, ബിജെപി നേതാവ് സി കെ പത്മനാഭൻ, ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ, എം വി നികേഷ് കുമാർ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. നായനാർക്കും ശാരദ ടീച്ചർക്കുമൊപ്പമുള്ള പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു.
തന്റെ നവതിയാഘോഷത്തിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദിപറയുന്നതിനൊപ്പം ഞാൻ എല്ലാവരെയും രാഷ്ട്രീയ ഭേദമന്യേ സ്നേഹിക്കുന്ന വ്യക്തിയാണെന്നും നായനാരുടെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് മക്കളും കൊച്ചു മക്കളും ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശാരദ ടീച്ചർ പറഞ്ഞു.