പ്രഥമ പ്രവാസി കലാനിധി പുരസ്കാരം അരുൺഘോഷ് പള്ളിശ്ശേരിയ്ക്ക്

First Pravasi Kalanidhi Award to Arun Ghosh Pallissery
First Pravasi Kalanidhi Award to Arun Ghosh Pallissery

തിരുവനന്തപുരം: കലാനിധി ഫൗണ്ടേഷൻ പ്രശസ്ത സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തിയുടെ നൂറ്റിയഞ്ചാം ജന്മവാര്‍ഷികാചാരണത്തോടനുബന്ധിച്ച് നൽകുന്ന പ്രഥമ പ്രവാസി കലാനിധി പുരസ്കാരവും പ്രശംസാപത്രവും ജെ. അരുൺഘോഷ് പള്ളിശ്ശേരിക്ക് സമ്മാനിച്ചു. ഘോഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച 'തത്വമാം പൊൻപടി' എന്ന ഭക്തിഗാന ആൽബത്തിന് കലാനിധി ഏർപ്പെടുത്തിയ ഏറ്റവും മികച്ച ഗാനരചനയ്ക്കുള്ള 'തത്വമസി' പുരസ്‌കാരം ബ്രിജിലാൽ ചവറയ്ക്കും, ഏറ്റവും മികച്ച കലാനിധി ഛായാഗ്രഹണപുരസ്‌കാരം കൃഷ്ണകുമാർ ചമ്പേറ്റിലിനും സമ്മാനിച്ചു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജന്‍ ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. 
ഭക്ഷ്യവകുപ്പുമന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്ത കലാനിധി ദക്ഷിണാമൂര്‍ത്തി - വയലാര്‍ സാംസ്കാരിക സദസില്‍ ചെയര്‍പേഴ്സണ്‍ & മാനേജിംഗ് ട്രസ്റ്റി ഗീതാ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വശ്രീ, പ്രഭാവർമ്മ, മുൻ ഡി ജി പി ഡോ. ബി. സന്ധ്യ. ഐ.പി.എസ്, പ്രൊഫ. കുമാരകേരളവര്‍മ്മ, ബാലുകിരിയത്ത്, എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

സരസ്വതി സമ്മാന്‍ ജേതാവ് മലയാളത്തിന്‍റെ പ്രിയകവി പ്രഭാവര്‍മ്മ,  കലാനിധിയുടെ ഈ വര്‍ഷത്തെ വയലാര്‍ സ്മൃതി കാവ്യശ്രേഷ്ഠ പുരസ്കാരവും, വേറിട്ട സംഗീത ജീവിതത്തിലൂടെ ഗാന രചയിതാവ് തങ്കന്‍ തിരുവട്ടാറും കലാനിധി വയലാര്‍ സ്മൃതി സംഗീത സപര്യ പുരസ്കാരത്തിന് അര്‍ഹത നേടി. ഈ വര്‍ഷത്തെ ദക്ഷിണാമൂര്‍ത്തി സംഗീത ശ്രേഷ്ഠ പുരസ്കാരം സംഗീത ഗവേഷകനായ രവിമേനോനാണ് ലഭിച്ചിരിക്കുന്നത്.  കലാനിധി ദക്ഷിണാമൂര്‍ത്തി സംഗീത പുരസ്കാരം ലഭിക്കുന്ന മറ്റൊരുപ്രതിഭ പ്രഗല്‍ഭയായ സംഗീതജ്ഞ ഷിനി വലിയ വളപ്പിലിനാണ്.

സംഗീതവുമായി ബന്ധപ്പെട്ട് രചന, സംഗീതസംവിധാനം, ആലാപനം,  സംഗീത വീഡിയോ എന്നീ മേഖലകളിലായി മുപ്പതില്‍പ്പരം പ്രതിഭകള്‍  കലാനിധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കലാനിധി പ്രതിഭകളും, സിനിമാ മിനിസ്ക്രീന്‍ താരങ്ങളും, സെന്‍റ് മാത്യൂസ് സ്കൂള്‍ കുച്ചപ്പുറം(സംസ്ഥാന സ്കൂള്‍കലോത്സവത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ) കുട്ടികളുടെ കലാപരിപാടികളും മോഹനം ഫാമിലി മ്യൂസിക് ക്ലബ്ബ് കല്ലറ തിരുവനന്തപുരം അവതരിപ്പിക്കുന്ന സംഗീത സായാഹ്നം എന്നീ പ്രോഗ്രാമുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് കലാനിധി രാഗതാള വിസ്മയം വേദിയില്‍ അരങ്ങേറി.

Tags