തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ നിപ പരിശോധനാഫലം ; തലസ്ഥാനത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥി നിപ നെഗറ്റീവ്

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്.
തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.
നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രണ്ട് ദിവസമായി കേരളം. ആകെ അഞ്ച് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരില്‍ 2 പേര്‍ മരണമടഞ്ഞു. 3 പേര്‍ ചികിത്സയിലാണ്. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് ഏറ്റവും പുതിയ അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം.