കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് പിന്നാലെ 9 വിരലുകൾ മുറിച്ചുമാറ്റി; ഗൂഢാലോചനയെന്ന് യുവതി

surgery
surgery


തിരുവനന്തപുരം: സോഫ്റ്റ്‌വേർ എൻജിനിയറായ യുവതിക്ക് വയറ്റിലെ കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെത്തുടർന്ന് ഒൻപത് വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ ചികിത്സപ്പിഴവില്ലെന്ന് സംസ്ഥാനതല വിദഗ്ധസമിതി റിപ്പോർട്ട്. കുളത്തൂർ തമ്പുരാൻമുക്കിലെ കോസ്‌മെറ്റിക് ആശുപത്രിയെയും ഡോക്ടർമാരെയും സംരക്ഷിച്ചുള്ള റിപ്പോർട്ട് പരാതി അന്വേഷിക്കുന്ന കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മിഷണർക്ക് സമിതി കൈമാറി.

tRootC1469263">

മുട്ടത്തറ കല്ലുംമൂട് ഹിമം വീട്ടിൽ പദ്‌മജിത്തിന്റെ ഭാര്യ എം.എസ്. നീതു(31)വിനാണ് അടിവയറ്റിലെ കൊഴുപ്പുനീക്കാനുള്ള ശസ്ത്രക്രിയയെത്തുടർന്ന് ആന്തരികാവയവങ്ങളടക്കം തകരാറിലായത്. നീതുവിന്റെ ഇടതുകാലിലെ എല്ലാ വിരലുകളും കാൽപ്പാദത്തിന്റെ ഒരു ഭാഗവും ഇടതുകൈയിലെ നാലു വിരലുകളും മുറിച്ചുമാറ്റിയിരുന്നു. അഞ്ചു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ മാതാവായ ഇവർ ഇപ്പോഴും കടുത്ത ശാരീരിക അവശതകളാണ് അനുഭവിക്കുന്നത്.

ഫെബ്രുവരി 22-നായിരുന്നു നീതുവിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ ശാരീരിക അവശതകളെത്തുടർന്ന് വീണ്ടും കോസ്‌മെറ്റിക് ആശുപത്രിയിലെത്തിയ നീതുവിനെ ഇവിടെനിന്ന്‌ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞ നീതുവിന്റെ ചികിത്സയ്ക്കായി 35 ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു.

സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ചത് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധസമിതിയാണ്. എന്നാൽ, ചികിത്സപ്പിഴവിൽ അന്തിമ തീരുമാനത്തിലെത്താൻ ഇവർക്കായില്ല. തുടർന്ന് സംസ്ഥാനതല വിദഗ്ധസമിതിക്കു പരിഗണനയ്ക്കു വിട്ടു. ഈ സമിതിയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. നിലവിലെ സാഹചര്യത്തിൽ ഡോക്ടർക്കെതിരേ കേസെടുക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു.

 കൃത്യമായ ഗൂഢാലോചനയും ഡോ. ബിബിലാഷിനെയും സഹപ്രവർത്തകരെയും സംരക്ഷിക്കാനുള്ള ശ്രമവുമാണ് സംസ്ഥാനതല സമിതിയിലും നടന്നതെന്ന് ശസ്ത്രക്രിയയ്ക്കു വിധേയയായ നീതു പറഞ്ഞു.

‘‘എറണാകുളത്ത് തെളിവെടുപ്പ് ആരംഭിക്കും മുൻപുതന്നെ സമിതിയിലുള്ള ചിലർ പറഞ്ഞത് ഡോക്ടർമാർക്കു പിഴവില്ല, തെളിവെടുപ്പ് നടത്തുന്നു എന്നേയുള്ളൂ എന്നാണ്. റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശനിയമപ്രകാരം വാങ്ങാനായിരുന്നു ആരോഗ്യവകുപ്പ്‌ അധികൃതരുടെ നിർദേശം. നീതിതേടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.”- നീതു പറഞ്ഞു.
 

Tags