'വിവരങ്ങൾ പുറംലോകം അറിയട്ടെ' ; കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത . കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് നടി വിചാരണക്കോടതിയിൽ ഹർജി നൽകി.
ഇരയാകുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയത്.തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമവാദം നടത്തണമെന്നും നടി ആവശ്യപ്പെട്ടു.
സാക്ഷി വിസ്താരമൊക്കെ കഴിഞ്ഞതാണ്. ഈ പശ്ചാത്തലത്തിൽ അന്തിമവാദം തുറന്ന കോടതിയിൽ നടത്തുകയും തുറന്ന കോടതിയിൽ നടക്കുന്ന വിവരങ്ങൾ പുറംലോകം അറിയുകയും വേണം. താൻ ഒരു സർവൈവർ ആണ്. അതിനാൽ വിചാരണ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും കാണിച്ചാണ് നടി ഹർജി നൽകിയത്.
അതേസമയം, അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെയാണ് അന്തിമവാദം ആരംഭിച്ചത്.
പ്രോസിക്യൂഷന്റെ വാദമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു ശേഷം പ്രതിഭാഗത്തിന്റെ വാദം നടക്കും. വിധി പ്രസ്താവിക്കുന്നതിനു മുൻപായി ഇരുകൂട്ടർക്കും അന്തിമവാദം കോടതിക്ക് മുൻപാകെ സമർപ്പിക്കാനുള്ള അവസരമുണ്ടാകും.