കുടുംബ കോടതിയില്‍ യുവതിക്ക് വെട്ടേറ്റു; ഭര്‍ത്താവ് കീഴടങ്ങി

ssfs


പാലക്കാട്: ഒറ്റപ്പാലം കുടുംബ കോടതിയില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് എത്തിയ യുവതിക്ക് വെട്ടേറ്റു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മനിശ്ശേരി കരുവാന്‍പുരക്കല്‍ സുബിത (24) ക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് സൗത്ത് പനമണ്ണ തെക്കത്ത് പറമ്പില്‍ രഞ്ജിത്ത് (32) കൃത്യത്തിന് ഉപയോഗിച്ച ആയുധവുമായി ഒറ്റപ്പാലം പോലീസില്‍ കീഴടങ്ങി. ഇന്നലെ രാവിലെ 11 നാണ് സംഭവം.

രഞ്ജിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൗണ്‍സിലിങിന് എത്തിയതായിരുന്നു സുബിത. കൗണ്‍സിലിങ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കോടതിക്ക് പുറത്ത് കാത്തുനിന്ന രഞ്ജിത്ത് പുറത്തിറങ്ങിയ യുവതിയുമായി തര്‍ക്കിക്കുകയും സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മടവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.

കൈകളില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വലത് കയ്യിന്റെ നടുവിരലിനും ഇടത് കൈയിന്റെ തള്ളവിരലിനും സാരമായി പരുക്കേറ്റിട്ടുണ്ട്. അക്രമത്തിന് ശേഷം രഞ്ജിത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
തന്നെയും രണ്ടുവയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് പോയതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് രഞ്ജിത്ത് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

സുബിതയുടെയും രഞ്ജിത്തിന്റെയും പ്രണയ വിവാഹമായിരുന്നു. ജുവലറിയിലെ ജീവനക്കാരിയായ സുബിത കഴിഞ്ഞ ഒരു മാസത്തിലധികമായി അവിടത്തെ മറ്റൊരു ജീവനക്കാരനായ മീറ്റ്‌ന സ്വദേശിയായ യുവാവിനൊപ്പമാണ് താമസം. കോടതി പരിസരത്ത് സംഭവം നടക്കുമ്പോള്‍ യുവാവും കൂടെ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
 

Share this story