ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാൻ അപ്പവും അരവണയും സ്റ്റോക്കുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ
ശബരിമല : മണ്ഡല മകരവിളക്ക് സീസൺ കഴിയുന്നതുവരെ ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാനുള്ള അരവണയും അപ്പവും ഉൾപ്പെടെയുള്ള പ്രസാദങ്ങൾ കരുതിയിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു വ്യക്തമാക്കി.
"കഴിഞ്ഞ വർഷം മണ്ഡല സീസണിൽ അരവണ വിതരണത്തിന് നിയന്ത്രണം ഉണ്ടായിരുന്നു. ഇത്തവണ 40 ലക്ഷം കണ്ടയിനർ അരവണ കരുതാൻ സാധിച്ചു. സീസൺ കഴിയുന്നതുവരെ യാതൊരു നിയന്ത്രണവുമില്ലാതെ ഭക്തർ ആവശ്യപ്പെടുന്നതനുസരിച്ച് വിതരണം ചെയ്യാൻ സാധിക്കും," അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ മികച്ച രീതിയിലുള്ള ഇടപെടൽ ഇത്തവണ സുഗമ ദർശനം സാധ്യമാക്കിയതിൽ നിർണായകമാണ്. ദേവസ്വം ബോർഡും
വിവിധ സർക്കാർ വകുപ്പുകളും തമ്മിൽ മികച്ച ഏകോപനമുണ്ടായി. ഇത്തവണത്തെ മുന്നൊരുക്കങ്ങളിൽ പ്രധാനം കഴിഞ്ഞ വർഷത്തെ വീഴ്ചകൾ മനസിലാക്കി അവ പരിഹരിക്കുക എന്നുള്ളതായിരുന്നു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായി നിർദേശങ്ങൾ എടുക്കുകയും അവ ഫലപ്രദമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ഒരു ലക്ഷം പേർ വന്നിട്ടും സുഗമ ദർശനം സാധ്യമാകുന്നത് ദേവസ്വം ബോർഡും സർക്കാരും നടത്തിയ കൂട്ടായ പ്രവർത്തനഫലമായാണ്, എക്സിക്യൂട്ടീവ് ഓഫീസർ കൂട്ടിച്ചേർത്തു.