'റോഡിലേക്ക് ഓടി മൂന്നുവയസ്സുകാരൻ, ലോറിക്കടിയിൽപ്പെടാതെ രക്ഷപ്പെട്ടത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ' - വീഡിയോ
കോഴിക്കോട്: കോഴിക്കോട് ചേളന്നൂരില്‍ റോഡിലേക്ക് ഓടി ലോറിക്ക് മുന്നിൽപ്പെട്ട മൂന്നുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പിതാവ് റോഡരികിൽ നിർത്തിയ സ്കൂട്ടറിലേക്ക് കയറ്റാൻ നോക്കുന്നതിനിടെ കുട്ടി റോഡിലേക്കോടുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ടിപ്പർ കടന്നുപോയത്. തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എട്ടേരണ്ട്-പട്ടർപാലം റോഡിൽ കണ്ണങ്കര ജുമാമസ്ജിദിന് സമീപമാണ് സംഭവം. പിതാവും രണ്ടുമക്കളും കടയിൽനിന്ന് സാധനം വാങ്ങി തിരിച്ചുപോകാനിറങ്ങിയപ്പോഴാണ് സംഭവം. മൂത്തകുട്ടി സ്കൂട്ടറിന് പിന്നിൽ കയറിയിരുന്നു. ഇളയകുട്ടി കയറാനായി പിതാവ് കാത്തുനിൽക്കുകയായിരുന്നു. വളരെ പെട്ടെന്നാണ് കുട്ടി റോഡിലേക്ക് ഓടിയത്.
ഒരു നിമിഷം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും ദൈവത്തിന്‍റെ കരങ്ങളാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്നും പിതാവ് പറഞ്ഞു. ഒരുപാട് സമയം മനസ് മരവിച്ച അവസ്ഥയായിരുന്നു. എപ്പോഴും കുട്ടികൾ ഉണ്ടാകുന്ന റോഡാണ്. വാഹനങ്ങൾ വളരെ വേഗത്തിലാണ് വരുന്നത്. ഇതിന് മുമ്പും ഇതേ റോഡിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ജീവിതത്തിൽ ഇത്രയും ഭയപ്പെട്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.