ബൂത്ത് ലെവല്‍ ഓഫിസര്‍ തസ്തിക:സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍
electioncommissionofindia

കണ്ണൂർ : വോട്ടര്‍പട്ടിക സംബന്ധിച്ച്‌ ഗുരുതര പരാതികള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെത്തന്നെ ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി (ബി.എല്‍.ഒ) നിയമിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി ആരംഭിച്ചു.ബി.എല്‍.ഒമാരായി പരമാവധി നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് പദ്ധതി.

ഇവരുടെ അഭാവത്തില്‍ മാത്രം മറ്റുള്ളവരെ പരിഗണിച്ചാല്‍ മതി എന്നാണ് കമീഷന്‍ തീരുമാനം. ഇതിനായി നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഡേറ്റബാങ്ക് രൂപവത്കരിക്കാന്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും (കലക്ടര്‍) ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാക്കും (തഹസില്‍ദാര്‍) മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. മേയ് 20ന് അകം ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ വാങ്ങണം. ഇതിനായി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ബോധവത്കരണം നടത്തണം.

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ബി.എല്‍.ഒമാര്‍ നിര്‍വഹിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ഏറ്റവും താഴെ തട്ടില്‍ പ്രതിനിധാനംചെയ്യുന്നവര്‍ എന്നനിലയില്‍ പ്രധാനപ്പെട്ട ചുമതലക്കാരായാണ് കമീഷന്‍ ബി.എല്‍.ഒമാരെ പരിഗണിക്കുന്നത്. വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം -2022 ന്‍റെ ഭാഗമായി ഇലക്ഷന്‍ ഐഡി കാര്‍ഡ് തയാറാക്കിയപ്പോള്‍ വ്യാപകമായി തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ, അംഗന്‍വാടി ജീവനക്കാര്‍, റിട്ട. ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10 വര്‍ഷം മുമ്ബാണ് ബി.എല്‍.ഒമാരെ നിയമിച്ചത്. ബി.എല്‍.ഒമാരുടെ പ്രവര്‍ത്തനം വിലയിരുത്തി മോശം പ്രകടനം നടത്തുന്നവരെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഭാവം വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പുവരുത്തുന്നതിന് തടസ്സമാകുന്നതായാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മിക്കതും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായതോടെ പല ബി.എല്‍.ഒമാര്‍ക്കും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ പരിമിതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും തള്ളലും സംബന്ധിച്ച്‌ ഗുരുതരമായ പരാതികളാണ് ഉണ്ടാവാറുള്ളത്. ബി.എല്‍.ഒമാര്‍ രാഷ്ട്രീയ പക്ഷപാതം കാട്ടി എന്ന ആരോപണവും പതിവാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെതന്നെ നിയമിക്കുന്നതിലൂടെ കൂടുതല്‍ ഉത്തരവാദിത്തമുള്ള ബി.എല്‍.ഒമാരെ ഉറപ്പുവരുത്താനാവുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലയിരുത്തല്‍. ബി.എല്‍.ഒക്ക് തന്‍റെ സ്വന്തം പോളിങ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാം. ബി.എല്‍.ഒമാരാവുന്ന ഉദ്യോഗസ്ഥരുടെ വകുപ്പുതല സ്ഥലംമാറ്റം ഇലക്ഷന്‍ കമീഷന്‍റെ അനുമതിയോടെ മാത്രമേ പാടുള്ളൂ.

ഗസറ്റഡ് ജീവനക്കാര്‍, ആരോഗ്യ-ഗതാഗതമേഖലയിലെ ജീവനക്കാര്‍, പൊലീസ്, ഫയര്‍ഫോഴ്സ്,എക്സൈസ്, വനം വന്യജീവി ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, ജല അതോറിറ്റി എന്നിവരെ ബി.എല്‍.ഒമാരായി നിയോഗിക്കില്ല. അര്‍ധസര്‍ക്കാര്‍, പൊതുമേഖല, കമ്ബനി, ബോര്‍ഡ്, കോര്‍പറേഷന്‍, ധനകാര്യ, ബാങ്കിംഗ്, ജുഡീഷ്യല്‍ ജീവനക്കാര്‍ എന്നവരെയും ബി.എല്‍.ഒമാരാക്കില്ല. റിട്ട.ജീവനക്കാരെയും പരിഗണിക്കില്ല.

Share this story