രണ്ടര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം: മന്ത്രി റോഷി അഗസ്റ്റിൻ

Drinking water for 40 lakh families in two and a half years: Minister Roshi Augustine
Drinking water for 40 lakh families in two and a half years: Minister Roshi Augustine

കോട്ടയം: രണ്ടര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാനായതായും  കിഫ്ബി പദ്ധതി കേരളത്തിന്റെ മുഖവും മുഖശ്രീയുമായി മാറിയെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന ഏറ്റുമാനൂർ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുകയെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സാങ്കേതിക തടസങ്ങൾ എല്ലാം മറികടന്ന് വളരെ പെട്ടെന്ന് ഏറ്റുമാനൂർ പദ്ധതി  നടപ്പിലാക്കിയെടുക്കാൻ സാധിച്ചു. 49,852 കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. കുടിവെള്ള പദ്ധതികളുടെ നിർമാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ചെറിയ ചെറിയ അസൗകര്യങ്ങൾ പർവതീകരിച്ചു കാണിക്കാതെ സഹകരണ മനോഭാവത്തോടെ ജനങ്ങൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.  കുടിവെള്ള പദ്ധതിയുൾപ്പെടെ ഏറ്റുമാനൂർ മണ്ഡലത്തിൽ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാൻ കിഫ്ബി വഴി കഴിഞ്ഞെന്ന് അദേഹം പറഞ്ഞു. 1150 കോടി രൂപയുടെ വികസനമാണ് ഇത്തരത്തിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ നടത്തിയത്. മെഡിക്കൽ കോളജാശുപത്രിയുടെ വികസനവും മഹാത്മാഗാന്ധി സർവകലാശാലയിലെ ഗവേഷണ കേന്ദ്രങ്ങളും എല്ലാം കിഫ്ബി ഫണ്ടുപയോഗിച്ച് നടത്തി. കാരിത്താസ് ഓവർ ബ്രിഡ്ജിന്റെ നിർമാണവും ഭംഗിയായി പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.


അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര, കേരള വാട്ടർ അതോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, സംഘാടക സമിതി ചെയർമാൻ ഇ.എസ്. ബിജു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പ്രൊഫ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരൻ, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, നഗരസഭാംഗം രശ്മി ശ്യാം, വനംവികസനകോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബുജോർജ്, ബിനു ബോസ്, ജോസ് ഇടവഴിക്കൽ, ജെറോയ് പൊന്നാറ്റിൽ, ജയ്സൺ ജോസഫ്, രാജീവ് നെല്ലിക്കുന്നേൽ, ജെയിംസ് കുര്യൻ, പി.കെ. അബ്ദുൾ സമദ്, ടി.ഡി. ജോസ്‌കുട്ടി, എം.ജി. അനൂപ്കുമാർ, കെ.എസ്. അനിൽരാജ്, വി. ആദർശ്, വാട്ടർ അതോറിട്ടി ദക്ഷിണമേഖല ചീഫ് എൻജിനീയർ നാരായണൻ നമ്പൂതിരി, സൂപ്രണ്ടിങ് എൻജിനിയർ എസ്. രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.


93.225 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. ഏറ്റുമാനൂർ നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും ആളോഹരി പ്രതിദിനം 150 ലിറ്റർ ശുദ്ധജലവും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ കോടതിപ്പടി, മനയ്ക്കപ്പാടം, കാട്ടാത്തി, പട്ടിത്താനം എന്നീ സ്ഥലങ്ങളിലും കാണക്കാരി പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശത്തും ആളോഹരി പ്രതിദിനം 100 ലിറ്റർ ശുദ്ധജലവും എത്തിക്കാനാവും വിധമാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. മീനച്ചിലാറ്റിൽനിന്നു ജലം ശേഖരിച്ച് ഏറ്റുമാനൂരിന് സമീപം നേതാജി നഗറിൽ സ്ഥാപിക്കുന്ന 22 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ശുദ്ധീകരിക്കും. തുടർന്ന് ഏറ്റുമാനൂർ നഗരസഭയിലേക്കും സമീപ ഗ്രാമപഞ്ചായത്തുകളായ അതിരമ്പുഴ, കാണക്കാരി, മാഞ്ഞൂർ എന്നിവിടങ്ങളിലേക്കും ശുദ്ധജലം എത്തിക്കും.

Tags