പീഡനക്കേസ് പ്രതിയായ പ്രാദേശിക നേതാവിനെ തിരിച്ചെടുത്തു; സിപിഐഎം തിരുവല്ല ടൗൺ നോർത്ത് കമ്മിറ്റിയിൽ കയ്യാങ്കളി

saji thiruvalla

തിരുവല്ല : സിപിഐ എം തിരുവല്ല ടൗൺ നോർത്ത് കമ്മിറ്റിയിൽ  കയ്യാങ്കളി. പീഡനക്കേസ് പ്രതിയായ പ്രാദേശിക നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച എൽ.സി യോഗമാണ് കയ്യാങ്കളിയിലും അസഭ്യവർഷത്തിലും കലാശിച്ചത്. ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുവാൻ സജിമോനും എത്തിയിരുന്നു. 

യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സിപിഎം വനിതാ നേതാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്. ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തിരുന്ന സജിമോനെ കഴിഞ്ഞ ആഴ്ച പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. ഇതിനിടെയാണ് സജിമോൻ ശനിയാഴ്ച വൈകിട്ട് നടന്ന യോഗത്തിൽ പങ്കെടുക്കുവാൻ എത്തിയത്. 

സജിമോനെ യോഗത്തില്‍ നിന്നു ഒഴിവാക്കി തീരുമാനം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒരു വിഭാഗം നിലപാടെടുത്തു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് കയ്യാങ്കളിയിലും അസഭ്യവർഷത്തിലും കലാശിച്ചത്. ശനിയാഴ്ച രാത്രിയോടെ സജിമോന്റെ ഫോട്ടോ വെച്ച് ഉള്ള പോസ്റ്ററുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. പീഡന വീരനും സ്ത്രീകളെ വലവീശി പിടിക്കുന്നവനും കൈക്കൂലിക്കാരനുമായ സിസി സജിമോൻ അവിഹിതത്തിൽ ഉണ്ടായ കുഞ്ഞിൻറെ പിതൃത്വം ഏറ്റെടുക്കുക എന്ന് ആവശ്യപ്പെട്ടാണ് തിരുവല്ല നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരുവല്ല പൗരസമിതിയുടെ പേരിൽ സജിമോന്റെ ഫോട്ടോ ഉൾപ്പെട്ട പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. 

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്ത് വരെയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ സംസ്ഥാന കൺട്രോൾ കമ്മീഷനാണ് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയത്.