പെരിയ ഇരട്ടക്കൊലക്കേസ്; വിധി സിപിഐഎമ്മിന് തിരിച്ചടിയല്ലെന്ന് പി രാജീവ്

Minister P Rajeev
Minister P Rajeev

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി പി.രാജീവ്. വിധിയിൽ സിപിഐഎമ്മിന് തിരിച്ചടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിധി കോടതിയുടേത് ആണെന്നും വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും പി.രാജീവ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെയാണ് കേസില്‍ സിപിഐഎം മുന്‍ എംഎല്‍എ അടക്കം 14 പേരെ കുറ്റക്കാരാക്കി കോടതി വിധി പ്രഖ്യാപിച്ചത്.

അതേസമയം, ഗവർണറുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ആശംസകളും രാജീവ് അറിയിച്ചു. ആരിഫ് മുഹമ്മദ് ഖാന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഭരണഘടന അനുസരിച്ച് പുതിയ ഗവർണർ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറേയേറെ അനുഭവങ്ങൾ തങ്ങൾക്ക് മുൻപിലുണ്ടെന്നും ബീഹാറിന് നല്ല പ്രതീക്ഷയുണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയോടെയാണ് ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. ഗവർണറെ യാത്രയയക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. രാജ്ഭവനിൽ ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം മൂലം പരിപാടി റദ്ദാക്കുകയായിരുന്നു.

Tags