മനു തോമസുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം നടത്താൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ച് സിപിഐഎം

MANU thomas cpm

കണ്ണൂർ: ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയത് അന്വേഷിക്കാൻ സിപിഐഎം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി ഗോപിനാഥ്, എം പ്രകാശൻ എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണ കമ്മീഷൻ.

നേരത്തെ സോഷ്യൽ മീഡിയയിലടക്കം മനു തോമസ് പാർട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പി ജയരാജനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു മുൻ ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തൽ. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ശ്രമിച്ചുവെന്നും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് ജയരാജൻ വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തിയെന്നും മനു തോമസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ മനു തോമസിനെതിരെ പരസ്യ വിമർശനവുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു.

ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ വലിയ രീതിയിൽ ചർച്ചയായതിനു പിന്നാലെയാണ് ഇപ്പോൾ പാർട്ടി നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Tags