കണ്ണൂരിൽനിന്നുള്ള വാർത്തകൾ ചെങ്കൊടി പ്രസ്ഥാനത്തിന് അപമാനമെന്ന് സിപിഐ; സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന് ബിനോയ് വിശ്വം

binoy

തിരുവനന്തപുരം:  കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടി പ്രസ്ഥാനത്തിന്  അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  . അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഇത്തരക്കാരും കാരണമായെന്ന് സിപിഎമ്മിനെ പരോക്ഷമായി ഉന്നം വെച്ചുകൊണ്ട്   ബിനോയ് വിശ്വം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കണ്ണൂരില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെനിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ലെന്നും  ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.

Tags