സിപിഐ വികസനം മുടക്കികള്‍ അല്ല, ബ്രൂവറിയില്‍ സര്‍ക്കാരിനൊപ്പം ; ബിനോയ് വിശ്വം


തിരുവനന്തപുരം: വൻകിട മദ്യനിർമാണ ശാലയിൽ സർക്കാർ തീരുമാനത്തെ പിന്തുണച്ച് സിപിഐ. സിപിഐ വികസനം മുടക്കികള്‍ അല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രൂവറിയില്‍ സര്‍ക്കാരിനൊപ്പം. എന്നാല്‍ കുടിവെള്ളം മുടക്കിയല്ല വികസനം എന്നും കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും ബിനോയ് വിശ്വം ആവര്‍ത്തിച്ചു.
സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഉള്ള സ്വാഗതസംഘ രൂപീകരണത്തിന് വേണ്ടിയുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബ്രൂവറി വിഷയം ചര്‍ച്ചയായത്. സ്വകാര്യ കമ്പനിക്ക് മദ്യനിര്‍മാണത്തിന് മന്ത്രിസഭായോഗം കൊടുത്ത അനുമതിയെ എതിര്‍ക്കേണ്ടതില്ല എന്ന നിലപാടാണ് യോഗത്തില്‍ ഉണ്ടായത്.
മദ്യനിര്‍മാണശാലക്ക് പ്രാരംഭാനുമതി നല്‍കിയതില്‍ പാര്‍ട്ടി മന്ത്രിമാര്‍ വേണ്ട ജാഗ്രത കാണിച്ചില്ലെന്നും മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നുമായിരുന്നു പാലക്കാട് സിപിഐ ജില്ലാ ഘടകം ഉന്നയിച്ചത്. എന്നാല്‍ ജില്ലാ ഘടകത്തിന്റെ ആവശ്യത്തെ നേതൃത്വം തള്ളി. പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പരിസ്ഥിതി വിഷയം ഗൗരവമായി പരിഗണിച്ചുകൊണ്ടുള്ള നാടിന്റെ വികസനമാണ് വേണ്ടതെന്ന നിലപാടും സിപിഐ ആവര്‍ത്തിക്കുന്നുണ്ട്.
