ഗതാഗതം നിര്‍ത്തിവെച്ച് നടത്തിയ സിപിഐഎം ഏരിയ സമ്മേളനം ; സിപിഐഎമ്മിനെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടായേക്കും

cpim
cpim

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി പാടില്ലെന്ന് 2023ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്.

തിരക്കേറിയ വഞ്ചിയൂര്‍ റോഡില്‍, ഒരു ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവെച്ച് നടത്തിയ സിപിഐഎം ഏരിയ സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഹൈക്കോടതി ഉത്തരവിന്റെ നഗ്‌നമായ ലംഘനം നടന്നതിനാല്‍ കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
കോടതിയലക്ഷ്യ നടപടി അനിവാര്യമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി പാടില്ലെന്ന് 2023ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇവ ലംഘിച്ചതിനാല്‍ സ്വമേധയാ കേസെടുക്കുന്ന കാര്യം ആലോചിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. എന്തായിരുന്നു പരിപാടി, ആരൊക്കെ പങ്കെടുത്തുവെന്നും ഹൈക്കോടതി ചോദിച്ചു.

പൊലീസ് സ്റ്റേഷന്റെ തൊട്ടുമുന്‍പില്‍ നടന്ന പരിപാടിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാത്തതില്‍ പൊലീസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതിയുടെയും പൊലീസ് സ്റ്റേഷന്റെയും മുന്നിലാണ് പരിപാടിയെന്ന് നിരീക്ഷിച്ച കോടതി കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തോയെന്നും പൊലീസിനോട് ചോദിച്ചു. സിപിഐഎമ്മിന്റെ ഏരിയാ സമ്മേളനം വിവാദമായിരിക്കുകയാണ്.

Tags