സീഡ് സൊസൈറ്റി തട്ടിപ്പ്: അനന്തു കൃഷ്ണനെതിരെ കണ്ണൂരിൽ മാത്രം 2000 പരാതികൾ; കോൺഗ്രസ് നേതാവ് ലാലിവിൻസെൻ്റിനെയും പ്രതി ചേർത്തു


കണ്ണൂർ: പകുതി വിലയ്ക്ക് സ്ത്രീകൾക്ക് സ്‌കൂട്ടര്‍ നൽകാമെന്ന് പറഞ്ഞ് സീഡ് സൊസൈറ്റി നടത്തിയ തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതിയായി. സീഡ് സൊസൈറ്റി നിയമ ഉപദേഷ്ടാവായ ലാലി വിന്‍സന്റ് കേസില്‍ ഏഴാം പ്രതിയാണ്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളാണുള്ളത്.
പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണനെതിരെ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണുള്ളത്. കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യില്‍, വളപട്ടണം, പയ്യന്നൂര്‍ സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചിട്ടുള്ളത്. അനന്തു കൃഷ്ണനെതിരെ പരാതികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു. പകുതി വിലയ്ക്ക് ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍ തുടങ്ങിയവയും പ്രതി വാഗ്ദാനം ചെയ്തിരുന്നു. പണംതിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
അതേസമയം അനന്തു കൃഷ്ണന്‍ പ്രതിയായ സി എസ് ആര്‍ ഫണ്ട് തട്ടിപ്പില്‍ ബിജെപി സംസ്ഥാന സമിതി അംഗം കെ എന്‍ ഗീതാകുമാരി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. പലതവണയായി 25 ലക്ഷം രൂപ തന്നില്‍ നിന്നും തട്ടിയെടുത്തുവെന്നും പണം വാങ്ങിയത് ജെ പ്രമീള ദേവിയുടെ പി എ ആയിരിക്കെയാണെന്നും അനന്തു നല്‍കിയ ചെക്ക് മടങ്ങിയതോടെ കോടതിയെ സമീപിച്ചുവെന്നും ഗീതാകുമാരി പറഞ്ഞു. പണം വാങ്ങിയത് ബിസിനസ് ചെയ്യാനെന്ന പേരിൽ പലിശ വാഗ്ദ്ധാനം ചെയ്താണ്.

പ്രമീള ദേവിയും ബിസിനസിൽ കൂടെയുണ്ടെന്ന്പറഞ്ഞു. തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയത് പ്രമീള ദേവിക്കും അറിയാം. തട്ടിപ്പ് നടത്തിയതിനുശേഷവും അനന്തു പ്രമീളാദേവിക്ക് ഒപ്പമുണ്ട്. പ്രമീള ദേവിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ആയിരുന്നു അനന്തു. അനന്തു വിശ്വസ്തന്‍ ആണെന്ന് പ്രമീളാദേവിയും പറഞ്ഞിരുന്നു. തന്നെപ്പോലെ നിരവധി ആളുകള്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. പച്ചാളത്തുള്ള ഷെര്‍ലിക്ക് ഒന്നരക്കോടി നഷ്ടപ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുത്ത കാര്യം ബിജെപി നേതൃത്വത്തോട് പല തവണ പറഞ്ഞതാണെന്നും ഗീതാകുമാരി പറഞ്ഞു.
എ എന്‍ രാധാകൃഷ്ണനും ഇതില്‍ എന്തോ ബന്ധം ഉണ്ടെന്നാണ് കരുതുന്നത്. ചാരിറ്റി സംഘങ്ങളെ കോ ഓര്‍ഡിനേറ്റ് ചെയ്യാനുള്ള ചുമതല എ എന്‍ രാധാകൃഷ്ണനായിരുന്നു. ഇവര്‍ സംഘടിപ്പിച്ച ഒരുപാട് സ്ഥലത്തെ പരിപാടികളുടെ പോസ്റ്ററുകളില്‍ എ എന്‍ രാധാകൃഷ്ണനെ കണ്ടിരുന്നുവെന്നും ഗീതാകുമാരി വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ സീഡ് സൊസൈറ്റി നടത്തിയ പരിപാടികളിൽ ഉദ്ഘാടകരായി എത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ വളപട്ടണം, മയ്യിൽ, കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിലെ സ്ത്രീകളാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ. 60,000 രൂപയാണ് അനന്തു കൃഷ്ണൻ പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദ്ധാനം ചെയ്തു തട്ടിയെടുത്തത്. എന്നാൽ ആഴ്ച്ചകൾ കഴിഞ്ഞിട്ടും സ്കൂട്ടറും മറ്റു സാധനങ്ങളും ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ വിവിധ പൊലിസ് സ്റ്റേഷനുകളിൽ പരാതിയുമായെത്തിയത്. ആദ്യ ദിനം തന്നെ വളപട്ടണം പൊലിസ് സ്റ്റേഷനിൽ 88 പരാതികളാണ് ലഭിച്ചത്. പിന്നീടിത് കണ്ണൂർ ടൗൺ, മയ്യിൽ സ്റ്റേഷനുകളിലായി രണ്ടായിരം പരാതിയായി കുത്തനെ ഉയരുകയായിരുന്നു.
സീഡ്സ് ചീഫ് കോർഡിനേറ്റർ അനന്തു കൃഷ്ണൻ, കെ.എൻ അനന്തകുമാർ, ഡോ. ബീന സെബാസ്റ്റ്യൻ, കെ.പി സുമ, ഇന്ദിര, ലാലി വിൻസെൻ്റ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ ചീഫ് കോർഡിനേറ്ററായ അനന്തു കൃഷ്ണൻ ഒന്നാം പ്രതിയും ലീഗൽ അഡ്വൈസറായ ലാലി വിൻസെൻ്റ് ഏഴാം പ്രതിയുമാണ്. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഇന്നലെ മാത്രം 176 പരാതികൾ ലഭിച്ചിട്ടുണ്ട്.