ബസിൽ നിന്നിറങ്ങിയവരുടെ പിന്നാലെ കണ്ടക്ടർ ഓടി; യാത്രക്കാരിയുടെ ഏഴുപവന്റെ മാല തിരിച്ചുകിട്ടി

Bus strike complete on Dharamshala - Cherukun Thara route
Bus strike complete on Dharamshala - Cherukun Thara route

ആലപ്പുഴ: യാത്രയ്ക്കിടയില്‍ ബസ് കണ്ടക്ടര്‍ക്കു തോന്നിയ ചെറിയ സംശയം- യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവം. കണ്ടക്ടര്‍ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്.

ചൊവ്വാഴ്ച എട്ടുമണിക്കാണ് എ.സി. റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. നാലു കിലോമീറ്റര്‍ അകലെയുള്ള കൈതവനയിലെത്തിയപ്പോള്‍ കുറച്ചു സ്ത്രീകള്‍ കയറി. രണ്ടു തമിഴ് നാടോടി സ്ത്രീകളുമുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ ആദ്യംമുതല്‍ പ്രകാശിനു പന്തികേടു തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോള്‍ അടുത്ത സ്റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാല്‍, മങ്കൊമ്പ് എത്തുംമുന്‍പ് കൈനകരിയെത്തിയപ്പോള്‍ തിടുക്കത്തില്‍ ഇറങ്ങി.


'ബസിലെ ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ' എന്നു പരിശോധിക്കാന്‍ പ്രകാശ് വിളിച്ചുപറഞ്ഞു. തന്റെ മാല കാണുന്നില്ലെന്ന് ഒരു വയോധിക വിളിച്ചുപറഞ്ഞു. നാടോടികള്‍ കയറിയ അതേ സ്റ്റോപ്പില്‍നിന്നു കയറിയതായിരുന്നു. ഈ സ്ത്രീക്കു സമീപത്താണ് നാടോടികളുണ്ടായിരുന്നത്.

പ്രകാശ് ഉടന്‍ ബസില്‍ നിന്നിറങ്ങി തമിഴ്‌സ്ത്രീകള്‍ക്കു പിന്നാലെ പാഞ്ഞു. ഒപ്പം യാത്രക്കാരും കൂടി. സ്ത്രീകള്‍ ബസിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ചേര്‍ന്ന് തടഞ്ഞു. ഒരു യുവതി മാല കൈയില്‍ ചുരുട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഉടന്‍ നെടുമുടി പോലീസിനെ വിളിച്ച് സ്ത്രീകളെ കൈമാറി. സ്വര്‍ണമാല വീണ്ടെടുത്തു. പ്രതികളെ റിമാന്‍ഡു ചെയ്തു. പ്രകാശിനെത്തേടി ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നടക്കം അഭിനന്ദന വിളികളെത്തി.

Tags