വെള്ളത്തിലെ മീന്‍ പോലെ ആയിരിക്കണം ജനങ്ങള്‍ക്കിടയിലെ കമ്മ്യൂണിസ്റ്റുകാര്‍; രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്ക്

thomas issac

തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഐഎമ്മിന്റെ മേഖലാ റിപ്പോര്‍ട്ടിങ്ങിന് പിന്നാലെ പരാജയത്തില്‍ രൂക്ഷവിമര്‍ശനുമായി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളത്തിലെ മീന്‍ പോലെ ആയിരിക്കണം ജനങ്ങള്‍ക്കിടയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മാവോയുടെ പ്രസിദ്ധമായ വാക്കുകളെ ഉദ്ധരിച്ചാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. അഹങ്കാരത്തോടെയും ദാര്‍ഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നു. ഇത് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും കാണാമെന്ന വിമര്‍ശനമാണ് ഐസക്ക് ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാനെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

രണ്ടാം ഭരണത്തില്‍ ഉയര്‍ന്നുവന്ന അഴിമതികളെയും സാമ്പത്തിക ആരോപണങ്ങളെയും ഗൗരവത്തില്‍ കാണണമെന്നും ഐസക്കിന്റെ കുറിപ്പ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിലുണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകള്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വര്‍ദ്ധിക്കുന്നുണ്ടെന്ന് ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.
വോട്ടര്‍മാരുടെ മനോഭാവത്തില്‍ വന്ന മാറ്റങ്ങളെ വായിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന വിമര്‍ശനവും ഐസക്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പാര്‍ട്ടി വിലയിരുത്തല്‍ പാളിയതിന്റെ കാരണങ്ങളും ഐസക്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'ഒന്നുകില്‍ ജനങ്ങളെ മനസിലാക്കാന്‍ കഴിയുന്നില്ല. അതല്ലെങ്കില്‍ ജനങ്ങള്‍ തങ്ങളുടെ മനസ് തുറക്കുവാന്‍ വിസമ്മതിക്കുന്നു. രണ്ടായാലും ഇത് പഴയ പാരമ്പര്യത്തില്‍ നിന്നുള്ള വലിയൊരു മാറ്റമാണ്. ഒരു കാര്യം തീര്‍ച്ച. ജനങ്ങളുമായുള്ള ജീവല്‍ബന്ധം വളരെയേറെ ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു' എന്നാണ് ഐസക്കിന്റെ വിലയിരുത്തല്‍.

തുടര്‍ഭരണം ഇത്തരത്തിലുള്ള ദൗര്‍ബല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമഗ്രമായ തെറ്റുതിരുത്തല്‍രേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്നും ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.

മുന്‍കാലത്ത് സര്‍ഗ്ഗാത്മകതയിലും പഠിത്തത്തിലും മുന്‍നില്‍ക്കുന്നവര്‍ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. അക്കാലത്തെ ആഗോള, ദേശീയ സ്ഥിതിവിശേഷം ഇതിനു കാരണമാണ്. അതുപോലെ തന്നെ കമ്മ്യൂണിസത്തിന് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലുണ്ടായിരുന്ന അധീശത്വവും ഇതിനു കാരണമാണ്. ഇന്നു സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ അരാഷ്ട്രീയവല്‍ക്കരണത്തിനാണ് മുന്‍തൂക്കം. പരമ്പരാഗത മാധ്യമങ്ങളിലല്ല, പുതിയ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇവരുടെ ലോകം. ഇവിടെയാവട്ടെ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുര്‍ബലവുമാണെന്നും ഐസക്ക് പറയുന്നു.
ഇവിടെ പറഞ്ഞതൊന്നും പൂര്‍ണ്ണമല്ല. പാര്‍ട്ടിക്കുള്ളില്‍ എല്ലാ തലങ്ങളിലും ഇക്കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സാധാരണഗതിയില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുകളില്‍ തീരുമാനമെടുത്ത് താഴേക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണു പതിവ്. ഇത്തവണ അതിലൊരു മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ട ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഭാഗം താഴത്ത് ജില്ലാ കമ്മിറ്റികളുടെ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച് രൂപം നല്‍കുന്നതിനാണു തീരുമാനിച്ചിട്ടുള്ളതെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചു.

Tags