പി.എസ്.സി. അംഗത്വം വില്‍ക്കാന്‍ പണപ്പിരിവ് : ജെഡിഎസിലും പരാതി

kerala psc

തിരുവനന്തപുരം: ജെ.ഡി.എസിന് അനുവദിച്ച  പി.എസ്.സി. അംഗത്വം വില്‍ക്കാന്‍ പണപ്പിരിവ് നടത്തുന്നുവെന്ന് ജനതാദള്‍-എസിലും പരാതി. ഒരുവര്‍ഷത്തോളമായി ജെ.ഡി.എസിന് അനുവദിച്ച പി.എസ്.സി. അംഗത്വം  ഒഴിഞ്ഞുകിടക്കുകയാണ്.

ജെ.ഡി.എസുമായി ബന്ധമില്ലാത്ത ഒരാളെ പി.എസ്.സി. അംഗമാക്കാന്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് സംസ്ഥാന നിര്‍വാഹകസമിതിയിലെ ഒരുവിഭാഗം ആരോപിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയോഗത്തില്‍ അറിയിക്കുകയും സംസ്ഥാനപ്രസിഡന്റ് മാത്യു ടി. തോമസിന് കത്തുനല്‍കുകയും ചെയ്തിരുന്നു. നിര്‍വാഹകസമിതി അംഗങ്ങളടക്കം ആറുപേരാണ് കത്തില്‍ ഒപ്പിട്ടത്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള പാര്‍ട്ടിപ്രതിനിധിയെയും നിശ്ചയിക്കാനായിട്ടില്ല. ഇതിലും ചില നേതാക്കളുടെ രഹസ്യതാത്പര്യമുണ്ടെന്ന കുറ്റപ്പെടുത്തലും കെ. മനോജ്, സുഭാഷ് അയ്യോത്ത്, ടി. ഭാസ്‌കരന്‍, കെ. സാജന്‍, രാഗേഷ് മരുമ്പേത്ത്, ബാബുരാജ് ഉളിക്കല്‍ എന്നിവര്‍ ഒപ്പിട്ട കത്തിലുണ്ട്. പണംവാങ്ങി പി.എസ്.സി. അംഗത്തെ നിശ്ചയിക്കാന്‍ അനുവദിക്കില്ലെന്നും നേതൃയോഗത്തില്‍ ചില നേതാക്കള്‍ പറഞ്ഞു.

Tags