സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.90% ക്രിസ്തുമസ് ബോണസ്
Dec 11, 2024, 19:17 IST
സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് അഡ്വാൻസ് ബോണസ് 29.90 ശതമാനം എന്ന് തീരുമാനം. ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീന്റെ അദ്ധ്യക്ഷതയിൽ ലേബർ കമ്മിഷണറേറ്റിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.90 ശതമാനം ഇൻസെന്റീവും എന്ന നിരക്കിലാണ് ക്രിസ്തുമസ് അഡ്വാൻസ് ബോണസ് നൽകുക.
അഡ്വാൻസ് ബോണസ് ഡിസംബർ 20നകം വിതരണം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ സതീഷ് കുമാർ കെഎൽ, ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ ദീപു ഫിലിപ്പ്, സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.