35 എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന പ്രസ്താവന ; പേരു പുറത്തുവിടൂ, തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നുവെന്ന് കെ എസ് യു

ksu

35 എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന പ്രസ്താവനയില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മന്‍. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്തിതീര്‍ക്കാനുള്ള തന്ത്രമാണ് എസ്എഫ്‌ഐയും സിപിഐഎമ്മും നടത്തുന്നതെന്നും ആരോപണമുണ്ട്. വസ്തുതകള്‍ നിരത്തി 35 പേരുടെ വിവരങ്ങളുമായി തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നുവെന്നും കത്തില്‍ ആദേഷ് പറയുന്നു.

കത്തിന്റെ പൂര്‍ണ രൂപം;

'ഞങ്ങളുടെ 35 SFI സഖാക്കളെയാണ് KSU ഗുണ്ടകള്‍ കൊലപ്പെടുത്തിയത്'. എസ്എഫ്‌ഐയും സിപിഎമ്മിന്റെ എംഎല്‍എമാര്‍ നിയമസഭയിലും കൈരളിയും ഒക്കെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആവര്‍ത്തിച്ചു പറയുന്ന പൊള്ളയായ വരികളാണ് ഇത്. ഏതൊക്കെ SFI ആള്‍ക്കാരെയാണ് KSU ക്കാര്‍ കേരളത്തില്‍ കൊലപ്പെടുത്തിയത്?
ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് ഇപ്പോഴും എസ്എഫ്‌ഐയും സിപിഎമ്മും കൈരളിയും തുടര്‍ന്നു പോരുന്നത്. 1974 മുതല്‍ 2024 വരെ ഉണ്ടായ ക്യാമ്പസ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിങ്ങള്‍ കെ.എസ്.യുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിച്ചത് പോലും നിങ്ങള്‍ പറയുന്ന കണക്കിന്റെ നാലിലൊന്നു പോലും വരില്ല.

ഉത്തരവാദിത്തപ്പെട്ട സിപിഎമ്മും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും കൈരളിയും റെഡിബിലിറ്റി എന്നൊന്നുണ്ടെങ്കില്‍ ഈ പറയുന്ന 35 പേരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണം. വസ്തുതകള്‍ നിരത്തി 35 പേരുടെ വിവരങ്ങളുമായി തുറന്ന ചര്‍ച്ചയ്യ്ക്ക് തന്നെ നിങ്ങളെ ക്ഷണിക്കുന്നു.

Tags