കേരളത്തിലെ ക്രൈസ്തവസമൂഹം സംസ്ഥാന സര്‍ക്കാരില്‍നിന്ന് കടുത്ത വിവേചനം നേരിടുന്നു, വിമര്‍ശനവുമായി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

andrew

കേരളത്തിലെ ക്രൈസ്തവസമൂഹം സംസ്ഥാന സര്‍ക്കാരില്‍നിന്ന് കടുത്ത വിവേചനം നേരിടുന്നതായി തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ക്രൈസ്തവ സമുദായത്തില്‍പ്പെട്ടവരെ പരിഗണിക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

കളക്ടറേറ്റിലേക്ക് തൃശ്ശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നടന്ന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ന്യൂനപക്ഷ അനുകൂല്യവിതരണത്തിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിന്റെ ഉദാഹരണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട ഒരാളെ പോലും പരിഗണിച്ചിട്ടില്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ് ജെ ബി കോശി കമ്മിഷന്‍ രൂപീകരിച്ചത്. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷമായിട്ടും അവ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് ഉടന്‍ വെളിച്ചംകാണണമെന്നും സഭയുമായി ചര്‍ച്ച ചെയ്ത് ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. ഇത് കൂടാതെ ദുക്‌റാനദിവസം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന ക്രൈസ്തവരുടെ നീണ്ട കാലത്തെ ആവശ്യം നടപ്പിലാക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

Tags