എത്രയും വേഗം നീതി ഉറപ്പാക്കുന്ന, സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന ഇടങ്ങളായി ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ നിലകൊള്ളണം: മുഖ്യമന്ത്രി

Judicial institutions should be places where justice is delivered at the earliest, justice is available to the common man: Chief Minister
Judicial institutions should be places where justice is delivered at the earliest, justice is available to the common man: Chief Minister

കണ്ണൂർ : എത്രയും വേഗം നീതി ഉറപ്പാക്കുന്നതും സാധാരണക്കാരന് നീതി ലഭ്യമാക്കുന്നതുമായ ഇടങ്ങളായി ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ നിലകൊള്ളുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരിയിലെ കണ്ണൂര്‍ ജില്ലാ ജുഡീഷ്യല്‍ ആസ്ഥാനത്ത് പുതിയ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകുകയായിരുന്നു മുഖ്യമന്ത്രി.അനന്തമായി കേസുകള്‍ നീണ്ടുപോകുന്നത് സാധാരണ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഉണ്ടാകാന്‍ പാടില്ല.  ജസ്റ്റിസ് ഡിലേയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ് എന്ന് പലപ്പോഴും പറയാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ പോലൊരു രാജ്യത്ത്, അഞ്ച് കോടിയോളം കേസുകളാണ് കോടതികളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ കേസുകള്‍ തീര്‍പ്പാക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് കുറച്ചുനാള്‍ മുമ്പ് പരാമര്‍ശിച്ചത് നമുക്കറിയാം.

പരമോന്നത നീതിപീഠത്തിന്റെ അധ്യക്ഷന്റെ വാക്കുകളെ അതീവ ഗൗരവത്തോടെ കാണാനുള്ള ഉത്തരവാദിത്തം ജനാധിപത്യ സംവിധാനങ്ങളുടെ ഭാഗമായ നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട് എന്നു മാത്രം ഓര്‍മ്മിപ്പിക്കട്ടെ.കോടതി മാത്രം വിചാരിച്ചതുകൊണ്ട് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാകണം എന്നില്ല. അതിനു പിന്നില്‍ പല ഘടകങ്ങളുണ്ട്. വാദിയുടെയും പ്രതിയുടെയും വക്കീലന്മാര്‍ തുടര്‍ച്ചയായി കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെടുന്നതും വേഗത കുറവിന്റെ പ്രധാന കാരണമാണ്. ന്യായാധിപന്മാരുടെ കുറവ് മറ്റൊരു കാരണമാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ നമുക്കു കഴിയേണ്ടതുണ്ട് ഇരുനൂറിലധികം വർഷത്തെ പാരമ്പര്യമുള്ള ജുഡീഷ്യൽ സംവിധാനമാണ് തലശ്ശേരിയിലേത്. കൊങ്കൺ മേഖല മുതൽ മലബാർ ആകെയുള്ള പ്രദേശത്തിന്റെ ജുഡീഷ്യറി  ആസ്ഥാനമായിരുന്നു തലശ്ശേരി. ചരിത്രം ഉറങ്ങി കിടക്കുന്ന തലശ്ശേരിക്ക് അതിന്റെ പ്രൗഡിക്ക് കെട്ടിട സമുച്ചയം നിർമ്മിക്കുക എന്നത്  ഇവിടുത്തെ നാട്ടുകാരുടെയും  അഭിഭാഷകളുടെയും മറ്റും ആവശ്യമായിരുന്നു.


തലശ്ശേരി കോര്‍ട്ട് സെന്ററില്‍ 14 കോടതികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. അവയില്‍ പലതും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്നവയാണ്. അതുകൊണ്ടുതന്നെ സൗകര്യങ്ങളുള്ള കോടതികള്‍ ഉണ്ടാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
 കിഫ്ബി ഫണ്ട് വഴി 57 കോടി രൂപ ചെലവിലാണ് ഈ ബഹുനില മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്. തലശ്ശേരിയുടെ പൈതൃകത്തിനൊത്ത വിധം നിര്‍മ്മിച്ചിട്ടുള്ള ഈ മന്ദിരം കേവലമായ ഒരു കെട്ടിട സമുച്ചയം മാത്രമല്ല. പുതിയ കാലത്തിനനുസൃതമായി കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല.
കോര്‍ട്ട് സെന്ററിലെ 14 കോടതികളില്‍ 10 എണ്ണം ഈ മന്ദിരത്തിലേക്ക് മാറും. നാല് അഡീഷണല്‍ ജില്ലാ കോടതികള്‍, എം എ സി റ്റി കോടതി, ഫാമിലി കോടതി, പ്രിന്‍സിപ്പല്‍ സബ് കോടതി, അഡീഷണല്‍ സബ് കോടതി, അഡീഷണല്‍ സി ജെ എം കോടതി, ജെ എഫ് സി എം കോടതി എന്നിവയാണ് ഇവിടേക്ക് മാറുക. മറ്റ് കോടതികള്‍ പഴയ കെട്ടിടത്തില്‍ തന്നെയാകും പ്രവര്‍ത്തിക്കുക.


നീതിന്യായ വ്യവസ്ഥയുടെ ചരിത്രം വെളിവാക്കുന്ന ഒരു മ്യൂസിയവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അധിനിേവശ കാലത്തെ കോടതിയെ പോലെയാണ് അത് ഒരുക്കിയിട്ടുള്ളത്. കാലാകാലങ്ങളില്‍ മാറ്റം വന്ന ഇരിപ്പിടങ്ങള്‍, താളിയോലകള്‍, അളവുതൂക്ക സംവിധാനങ്ങള്‍, വ്യത്യസ്ത പഞ്ചിംഗ് ഉപകരണങ്ങള്‍ തുടങ്ങി ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ പലതും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചരിത്രപ്രധാനമായ പല ആര്‍ക്കൈവല്‍ മെറ്റീരിയലുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അധിനിവേശ ഭരണകാലത്ത് ജഡ്ജിമാര്‍ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയ വിധികള്‍, വിവിധ ശിക്ഷാ രേഖകള്‍ തുടങ്ങിയവയും ഇവിടെ കാണാം. ഇതൊക്കെ കണ്ട് മനസ്സിലാക്കുന്നതിന് പൊതുസമൂഹം തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ജനാധിപത്യ വ്യവസ്ഥയില്‍ എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും പോലെ ജുഡീഷ്യറിക്കും വലിയ പ്രധാന്യമാണുള്ളത്. ചെക്ക്‌സ് ആന്‍ഡ് ബാലന്‍സസ് ഉറപ്പുവരുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന  ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടത്, അതുകൊണ്ടുതന്നെ തികച്ചും അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്.


കഴിഞ്ഞ എട്ടര വര്‍ഷത്തിനുള്ളില്‍ 105 കോടതികളാണ് കേരളത്തില്‍ സ്ഥാപിച്ചത്. രാജ്യത്താദ്യമായി 24 മണിക്കൂറും പ്രവൃത്തിക്കുന്ന പേപ്പര്‍രഹിത ഡിജിറ്റല്‍ കോടതി കൊല്ലത്ത് ആരംഭിച്ചു. സുപ്രീം കോടതിയുടെ ഇ-കോടതി നയത്തിന്റെ ഭാഗമായാണ് ആ മുഴുവന്‍ സമയ കോടതി സ്ഥാപിച്ചത്. കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകാതെ തന്നെ അവിടെ കേസുകള്‍ തീര്‍പ്പാക്കാനാകും.കോടതികള്‍ സ്ഥാപിക്കുക മാത്രമല്ല, അവിടുത്തെ നടപടികള്‍ വേഗത്തിലാക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിയില്‍ മാത്രം 577 തസ്തികകളാണ് സൃഷ്ടിച്ചത്. സബോര്‍ഡിനേറ്റ് കോടതികളിലാകട്ടെ 2,334 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ജുഡീഷ്യറിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന അഭിഭാഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. 1980 ലെ ഇ കെ നായനാർ സര്‍ക്കാരാണ് അഭിഭാഷകര്‍ക്കായി ക്ഷേമനിധി ഫണ്ട് രൂപീകരിച്ചത്. അന്ന് വെല്‍ഫെയര്‍ ഫണ്ട് 30,000 രൂപയായിരുന്നു. 2016 ലെ എല്‍ ഡി എഫ് സര്‍ക്കാര്‍, വിരമിക്കുന്ന അഭിഭാഷകര്‍ക്കായുള്ള ആനുകൂല്യം 10 ലക്ഷം രൂപയായി ഉയര്‍ത്തി. മാത്രമല്ല, അവരുടെ മെഡിക്കല്‍ സഹായ തുക 5,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പുതുതായി എൻറോള്‍ ചെയ്യുന്ന അഭിഭാഷകര്‍ക്ക് പ്രത്യേക സ്റ്റൈപെന്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനായി.പുതിയ കോടതി സമുച്ചയത്തിലെ പത്ത് കോടതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യാതിഥിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാർ നിര്‍വഹിച്ചു.  അഡ്വ എം.കെ. ദാമോദരന്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ഹാളിന്റെയും അഡ്വ. എം.കെ ഗോവിന്ദന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ലൈബ്രറിയുടെയും ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍വഹിച്ചു. ഐ.ടി ട്രെയ്നിംഗ് ഹാള്‍ ഉദ്ഘാടനം ജസ്റ്റിസ് ടി. ആര്‍. രവി നിര്‍വഹിച്ചു.  ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസ് ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ജഡ്ജസ് ലൈബ്രറി ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നിര്‍വഹിച്ചു. കോടതി മ്യൂസിയം ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍വഹിച്ചു.
 ഷാഫി പറമ്പില്‍ എം.പി, ജില്ലാ ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി  കരുണാകരന്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എ. സജീവന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. അജിത് കുമാര്‍, ബാര്‍ അസോസിയേഷന്‍ സിക്രട്ടറി അഡ്വ. ജി.പി. ഗോപാല കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

1802 ല്‍ സ്ഥാപിതമായ ചരിത്രമുറങ്ങുന്ന കണ്ണൂര്‍ ജില്ലയുടെ ജുഡീഷ്യല്‍ ആസ്ഥാനമായ തലശ്ശേരി കോടതിയില്‍ നാലേക്കര്‍ സ്ഥലത്താണ് 14 കോടതികള്‍ വിവിധ കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവന്നത്.  ഇതിൽ 10 കോടതികൾ ആണ്  എട്ടുനിലകളിലായി നിര്‍മ്മിക്കുന്ന ഒറ്റ കെട്ടിടത്തിലാക്കിയത്. പൈതൃക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെഷന്‍സ് കോടതി മുന്‍സിഫ് കോടതി, സി. ജെ. എം കോടതി എന്നിവ നിലവിലെ കെട്ടിടത്തില്‍ തന്നെ തുടരും.
പുതുതായി പണിത കെട്ടിടത്തില്‍ 136 മുറികളുണ്ട്. പടിഞ്ഞാറന്‍ കാറ്റും വെളിച്ചവും എല്ലാ മുറികള്‍ക്കകത്തും എത്തുന്ന രീതിയിലാണ് നിര്‍മാണം. കോടതിയിലെത്തുന്ന സാക്ഷികള്‍ക്കുള്ള വിശ്രമ മുറികള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാന്റീന്‍ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിട സമുച്ചയത്തില്‍ കോടതികളില്‍ എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടല്‍ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. അഭിഭാഷകര്‍ക്കും വനിത അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും പ്രത്യേക വിശ്രമ മുറികളും മികച്ച ലൈബ്രറി സൗകര്യവും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്‍പെടെ ഉപയോഗിക്കാന്‍ ശീതീകരിച്ച ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ 80 ലക്ഷം രൂപ ചിലവില്‍ സോളാര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്. കെട്ടിട നിർമ്മാണം നിർവഹിച്ച നിർമ്മാൺ കൺസ്ട്രക്ഷൻസിന്റെ എ എം മുഹമ്മദലിയെ ചടങ്ങിൽ ആദരിച്ചു.

Tags