നഷ്ടമായത് ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും സിദ്ധിയും നേടിയ സംഗീതജ്ഞനെ ; സക്കീർ ഹുസൈൻ്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
തബല മാന്ത്രികൻ സക്കീർ ഹുസൈൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും സിദ്ധിയും നേടിയ സംഗീതജ്ഞനെയാണ് നഷ്ടമായത് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈൻ. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു
അതോടൊപ്പം ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തൻ്റെ കലയിൽ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തു. രാജ്യത്തിന് അഭിമാനം പകരുന്ന ഗ്രാമി ഉൾപ്പെടെയുള്ള അന്തർദ്ദേശീയ പുരസ്കാരങ്ങൾ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സക്കീർ ഹുസൈൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.