പരാമർശം അങ്ങേയറ്റം അപമാനകരവും അപകീർത്തികരവുമാണ് ; ചിദംബരത്തിനെതിരെ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി

jagadeep

തിരുവനന്തപുരം : പുതിയ നിയമങ്ങൾ തയാറാക്കിയതു പാർട്‌ടൈമർമാരാണെന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പരാമർശം അങ്ങേയറ്റം അപമാനകരവും അപകീർത്തികരവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പി.ചിദംബരം നടത്തിയ നിരീക്ഷണങ്ങളെയാണു തിരുവനന്തപുരം ഐഐഎസ്ടിയിൽ ബിരുദ സമർപ്പണച്ചടങ്ങിൽ പ്രസംഗിക്കുമ്പോൾ ചിദംബരത്തിന്റെ പേരു പരാമർശിക്കാതെ ഉപരാഷ്ട്രപതി വിമർശിച്ചത്.

‘ദീർഘകാലം പാർലമെന്റ് അംഗവും രാജ്യത്തിന്റെ ധനമന്ത്രിയുമായിരുന്ന, ഇപ്പോൾ രാജ്യസഭാംഗമായ ഒരാളുടെ പ്രസ്താവന ഇന്നു പത്രത്തിൽ കണ്ടു ഞാൻ ഞെട്ടി. കൊളോണിയൽ കാലം മുതൽ നിലവിലിരുന്ന 3 നിയമങ്ങളിൽനിന്നു നമ്മെ മോചിപ്പിച്ച്, ശിക്ഷാ നിയമ സംഹിതയിൽനിന്നു നീതി നിയമങ്ങളിലേക്കു മാറിയതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

പാർലമെന്റിലെ എല്ലാ അംഗങ്ങൾക്കും സഭയിൽ അവരുടെ സംഭാവന നൽകാൻ അവസരമുണ്ടായിരുന്നു. എന്നാൽ, ധനമന്ത്രി എന്ന പശ്ചാത്തലമുള്ള ഈ മാന്യൻ പറയുകയാണ്, ‘പുതിയ നിയമങ്ങൾ തയാറാക്കിയത് പാർട്‌ടൈമർമാരാണ്’ എന്ന്.

നമ്മൾ പാർലമെന്റിലെ പാർട് ടൈമർമാരാണോ? പാർലമെന്റിന്റെ വിജ്ഞാനത്തിനു പൊറുക്കാനാകാത്ത അസംബന്ധമാണത്. പാർലമെന്റിൽ സംവാദം നടന്നപ്പോൾ അദ്ദേഹം ശബ്ദത്തിനു വിശ്രമം നൽകിയിരിക്കുകയായിരുന്നു. അദ്ദേഹം മാത്രമല്ല, നിയമ മേഖലയിലുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരും രാജ്യത്തെ സഹായിക്കാൻ പാർലമെന്റിൽ അവസരമുണ്ടായപ്പോൾ മുന്നോട്ടുവന്നില്ല.

ഭരണഘടനാപരമായ കർത്തവ്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഒരാൾ യാന്ത്രികമായി ജനങ്ങളിൽ അനുരണനം ഉണ്ടാക്കാൻ ഉച്ചത്തിൽ സംസാരിക്കുമ്പോൾ നമുക്ക് എങ്ങനെയാണു നേരിടാൻ കഴിയുക? വിമർശനത്തിനു വേണ്ടി വിമർശിക്കുന്നവർ ബോധപൂർവം നമ്മുടെ രാജ്യത്തെ തരംതാഴ്ത്താനും സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും പുരോഗതിയെ തടസ്സപ്പെടുത്താനും ശ്രമിക്കുന്നതിനെക്കുറിച്ചു ജാഗ്രത പാലിക്കണം.

നമ്മുടെ പാർലമെന്റാണു നിയമ നിർമാണത്തിനുള്ള അവസാന കേന്ദ്രം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ അവിടെയുണ്ട്. അദ്ദേഹം പാർലമെന്റ് അംഗങ്ങൾക്കെതിരായി നടത്തിയ അപകീർത്തികരവും അപമാനകരവുമായ നിരീക്ഷണങ്ങൾ പിൻവലിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു–’ ഉപരാഷ്ട്രപതി പറഞ്ഞു.

Tags